തെന്മല, പാലരുവി, റോസ് മല, കൊല്ലം (27 - 29 ഒക്ടോബര്‍ 2012 )

ചെന്നൈയില്‍ നിന്നും ഒരു വെള്ളിയാഴ്ച രാത്രി തമിഴന്മാരുടെ വോള്‍വോ ബസില്‍ തിരുനെല്‍വേലിക്ക്‌ ഞാനും എന്റെ റൂം മേറ്റ് സജിത്തും കേറി .(കല്ലഡയുടെ ഡയറക്റ്റ് ബസ്‌ ഉണ്ടായിരുന്നു,  പക്ഷേ അതില്‍ സീറ്റ് കിട്ടിയില്ല ). പുലർച്ചെക്കു തന്നെ തിരുനെൽവേലി ടൗണിൽ എത്തി, പിന്നെ  അവിടെ നിന്നും കൊല്ലം പോകുന്ന ബസു പിടിച്ചു ആര്യന്‍കാവില്‍ ചെന്നിറങ്ങി.  നേരെ ഒരു ഓട്ടോറിക്ഷയില്‍ കേറി പാലരുവി റിസോര്‍ടിലേക്ക് പോയി. KTDC യുടെ മോട്ടലില് അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ പാലരുവി റിസോര്‍ട്ടില്‍ ആണ് ബുക് ചെയ്തിരുന്നത്.  റിസോര്‍ട്ടിനെക്കുറിച്ചു പറയുകയാണെങ്കില്‍ വെള്ളച്ചാട്ടത്തില്‍ നിന്നും 4 കിലോമീറ്റര്‍ മാറി കാട്ടിനുള്ളില്‍  റോഡ് സൈഡില്‍ ആണ്.  റിസോര്‍ട്ടിന് അരികിലായി അരുവി, എതിര്‍ വശത്ത്‌ ഒരു വലിയ മല. ഏസീ റെസ്റ്റോറന്റ്, ഔട്‌ഡോര് റെസ്റ്റോറന്റ് എല്ലാം കൊണ്ടും നല്ല അന്തരീക്ഷം.

ഫ്യാമിലീ റൂം ആയിരുന്നു ബുക് ചെയ്തിരുന്നത്‌, പക്ഷേ കൂടെയുള്ള രണ്ടു ചങ്ങാതിമാര്‍ വരാത്തത്‌ കാരണം ഒരു ഡബിള്‍ ബെഡ് റൂം മതി എന്നു പറഞ്ഞു. കുളിയൊക്കെ കഴിഞ്ഞതിനു ശേഷം തെന്മല ഇകൊ ടൂറിസം സെന്ററിലേക്ക് വച്ചു പിടിച്ചു. ആര്യന്‍കാവില്‍ (പാലരുവി ബസ്‌ സ്ടോപില്‍) നിന്ന് ബസ്‌ കയറി തെന്മല ഡാം ടിക്കറ്റ് എടുത്തു. ഒരു അരമണിക്കൂര്‍  എടുത്തു ഡാം സ്റ്റോപ് എത്താന്‍. അവിടെ ഇറങ്ങി ബസ് സ്ടോപില്‍ നിന്ന് നോക്കിയാല്‍ കല്ലഡ ഇറിഗേഷന്‍ പ്രോജക്ട്‌ കാണാം. ബസ് ഇറങ്ങിയപ്പോള്‍ തന്നെ ഒരു തമിഴന്‍ വണ്ടിയില്‍ പനനൊങ്കും, കള്ളുമായി വന്നു. കഞ്ഞി വെള്ളത്തില്‍ പഞ്ചസ്സാര കലാക്കിയതാണു കള്ളു. വില ഒരു ഗ്ലാസ്സിനു രൂപാ 40. തമിഴന് കൈനീട്ടം ഒട്ടും മോശമായിരുന്നില്ല !!  പിന്നെ നേരെ  കല്ലഡ ഇറിഗേഷന്‍ പ്രൊജെക്റ്റ്‌ കാണാനായി 5 രൂപാ ടീക്കേറ്റ് എടുത്തു. ഡാം കാണാനായി മേലോട്ട് കയറി.  ഡാം പരിസരത്തു ഫോടോഗ്രാഫി നിരോധിച്ചിട്ടുണ്ട്‌. ഡാമിനെ ഒരു വലം വെച്ചു ഞങ്ങള്‍ പുറത്തേക്ക്‌ കടന്നു.

പിന്നെ തെന്മല ഇകൊ ടൂറിസം സെന്ററില്‍ പോയി, ലെഷര്‍ സോണിലേക്കും, അഡ്വെംചര് സോണിലേക്കും, മാന്‍ വളര്‍ത്ത്‌ കേന്ദ്രത്തിലേക്കും, ചിത്രശതലഭ പാര്‍ക്കിലേക്കും ടീക്കേറ്റ് എടുത്തു(ഒരു ക്യാമാരയും   ചേര്‍ത്തു ഒരാള്‍ക്ക് 110 രൂപാ). മ്യൂസിക് ഫവുണ്ടയിന്‍ ഉണ്ട്‌, പക്ഷേ അതു സന്ധ്യക്ക്‌ 7 മണിക്കേ ആരംഭിക്കൂ. ലെഷര്‍ സോണില്‍ കുറച്ചു പ്രതീമകള്‍ കാണാം, പിന്നെ ഒരു തൂക്ക് പാലം - മരത്തടി കൊണ്ടുള്ള ഒരു പാലം. കാര്യമായ ആള്‍തിരക്ക്‌ ഒന്നും തന്നെയില്ല.


ഇവരുടെ പബ്ലിസിറ്റി കണ്ടു ഇവിടെ എത്തുന്നവരെ തീര്‍ത്തും നിരാശരാകുന്ന അവസ്ഥയാണ് ഇവിടെ ഉള്ളത്, പിന്നെ നേരെ അഡ്വെംചര്‍ സോണിലേക്ക് പോയി, അവിടെ റിവേര്‍ ക്രോസ്സീങ്ങ്‌, പിന്നെ ചെറിയ ഒരു കുളത്തില്‍ പെഡല് ബൊട്ടിംഗ്‌, പിന്നെ മരങ്ങള്‍ക്ക് മുകളിലൂടെ ഒരു പാലം, എനിക്ക്‌ ആകെ ബോറടിച്ചു. അടുത്തതായി പോയത്‌  അഡ്വെംചര്‍സോണിന്റെ തൊട്ട്‌ താഴെയുള്ള ബില്ഡിങ്ങിലാണ് പ്രവര്‍ത്തിക്കുന്ന അക്വേറിയം. മുന്‍പ്‌ കണ്ട 2 സോണുകളേക്കാള്‍ എനിക്കിഷ്ടമായത്‌ ഇതായിരുന്നു. ടിക്കറ്റ്‌  10 രൂപാ. പിന്നെ ഒരു ഓട്ടോയില്‍ ഒന്നര കിലോമീറ്റര്‍ ദൂരെയുള്ള മാന് വളര്‍ത്ത്‌ കേന്ദ്രത്തിലേക്കു പോയി. അവിടെയും കാര്യമായി കാണാന്‍ ഒന്നും തന്നെയില്ല. വീണ്ടും ഒന്നര കിലോമീറ്റര്‍ തിരിച്ചു വന്നു, ചിത്രശലഭപാര്‍ക്കു കാണാന്‍. 3 മണിക്കേ പാര്‍ക്ക് തുറക്കൂ.അവിടെയും ഇവിടെയും ഒക്കെ ആയി കുറച്ച് ശലഭങ്ങളെ കാണാം, ശലഭങ്ങളെ കുറിച്ചു ഗൈഡ് പറഞ്ഞു തരും. അങ്ങിനെ തെന്മല ഇകൊ ടൂറിസം സെന്റര്‍ കണ്ടു കഴിഞ്ഞു. അവിടെ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള തെന്മല റെയില്‍വെ സ്റ്റേഷന്‍ കാണാന്‍ നടന്നാണ് പോയത്‌. തെന്മലയെക്കുറിച്ച്‌ പറയുമ്പോള്‍ തിരുവിതാംകൂറിലെ ആദ്യത്തെ  റെയില്‍വെ പാത,കൊല്ലം തിരുനെല്‍വേലി മീറ്റര് ഗേജ് സര്‍വീസിലെ ഒരു പ്രധാന സ്റ്റേഷന്‍ അങ്ങിനെ പോകുന്നു വിശേഷണങ്ങള്‍.

പക്ഷേ അവിടെ തീവണ്ടിയുടെ ചൂളംവിളി നിലച്ചിട്ട് രണ്ടുവര്ഷമായി. പുതിയ ബ്രോഡ് ഗേജ് പാതയുടെ പണി നടക്കുന്നു. കുറച്ചു ഫോടോകള്‍ ഒക്കെ എടുത്തിട്ട്‌  ബ്രിട്ടീഷുകാര്‍ പണിത സ്റ്റേഷനോട് യാത്ര പറഞ്ഞു. അടുത്ത ലക്‌ഷ്യം 13 കണ്ണറ പാലം, തെന്മലയില്‍ നിന്നും ബസ്കേറി നേരെ കഴുത്തുരുട്ടിയില്‍ ഇറങ്ങി. പാലത്തിലെത്തിച്ചേരാന്‍, കുറച്ചു ദൂരം പുറകോട്ട് നടക്കണം. അതിസുന്ദരമായ പാലം, താഴെ ഒഴുക്കുന്ന പുഴ, മേലെ വലിയ പാറക്കെട്ടുകള്‍, കണ്ടാലും കണ്ടാലും മതി വരില്ല.പക്ഷേ പാലത്തിനടുത്തുള്ള തുരങ്കത്തെക്കുറിച്ച്  ഞാന്‍ അജ്ഞനായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത്‌ മിസ്സ്‌ ചെയ്തു.


ഇതോടെ ഊര് ചുറ്റല് അവസാനിപ്പിച്ചുകൊണ്ട്‌ നേരെ ആര്യങ്കാവിലേക്ക് ബസ് കയറി. റൂമില്‍ എത്തി നല്ല ഒരു കുളിപാസാകി. റൂമില്‍ ഞാനും എന്റെ റൂം മേറ്റ് സജിത്തും മാത്രം, കൂടെ വരാം എന്നു പറഞ്ഞിരുന്ന സുഹൃത്തുക്കള്‍ വന്നിരുന്നെകില്‍ നല്ല രസമാകുമായിരുന്നു, വേറെ ഒന്നും ചെയ്യാനില്ലാത്തത്‌ കൊണ്ട്‌ നേരെ അത്താഴം കഴിച്ചു കിടന്നുറങ്ങി.

28 ഒക്ടോബര്‍, ഞായറാഴ്ച - രാവിലെ 7 മണിക്ക്‌ മുന്‍പേ എഴുന്നേറ്റു.

അന്നത്തെ പരിപാടികള്‍ 1.പാലരുവി വെള്ളച്ചാട്ടം 2.വനത്തില്‍ ട്രക്കിംഗ് ഇത് രണ്ടുമായിരുന്നു. രാവിലെ പീട്ടും കടലയും കഴിച്ചു നേരെ പാലരുവിയിലേക്കുള്ള പ്രവേശന പാസ്സ് എടുക്കാന്‍ പോയി, 8:15 നേ ടിക്കറ്റ് കൌണ്ടർ തുറക്കൂ എന്നു തലേ ദിവസം തന്നെ പറഞ്ഞിരുന്നു. ട്രെകിംഗ് പോകണമെങ്കില്‍ തലേദിവസം തന്നെ പറഞ്ഞേല്‍പ്പിക്കണം. ഞങ്ങള്‍ ഇന്നലെ തന്നെ പറഞ്ഞു എല്ലാം ശരിയാക്കിയിരുന്നു. ട്രക്കിംഗ് പോകാന്‍ 300(5 പേര്‍ക്ക്‌) രൂപായുടെ പാസ്സ് എടുക്കണം. ഒരാളയാലും രണ്ടു പേരായാലും   5 പേരുടെ പൈസ അടക്കണം. പിന്നെ ഗൈഡിന്‌ ചായക്കാശും. പൈസ അടച്ച ശേഷം     ഓഫീസില്‍ നിന്ന് അവർ തന്നെ ഒരു ഓട്ടോ വിളിച്ചു തന്നു. 120 രൂപാ പാലരുവി വെള്ളച്ചാട്ടം വരെ. അവിടെ ചെന്ന് നമ്മടെ ആശാരിടെ മോന്‍  ബീജുവിനെ കണ്ടാല്‍ മതിയെന്നു ഓഫീസിലെ ചേട്ടന്‍ ഓട്ടോക്കാരനോട് പറയുന്നത്‌ ഞാന്‍ കേട്ടിരുന്നു. ഞങ്ങള്‍ അവിടെ എത്തുമ്പോള്‍ ആള്‍ക്കാര്‍ ഒന്നും വന്നു തുടങ്ങീട്ടില്ല. ബിജുവേട്ടന്‍ പറഞ്ഞു മൂപ്പര്‍ ഒരു ചായ കുടിച്ചിട്ട് വരാം, ഞങ്ങളോട് അതു വരേക്കും വെള്ളച്ചാട്ടം ഒക്കെ ഒന്നു കണ്ടു വന്നോളാന്‍.


വെള്ളച്ചാട്ടത്തില്‍ ആകെ ഒന്നു രണ്ടു പേര്‍ മാത്രം, ഫോടോ എടുക്കാന്‍ നോക്കുമ്പോള്‍ മേലെ നിന്നും സൂര്യരശ്മികള്‍, വൈകുന്നേരം തിരിച്ചു വരുമ്പോള്‍ ആകാം എന്നു വിചാരിച്ചു തിരിച്ചു നടന്നു. ഓഫ്ഫീസില്‍ ഇരിക്കുന്ന ചേച്ചി പറഞ്ഞു നല്ല അട്ട കടി ഉണ്ടാകും വഴി നീളെ, അപ്പോ ഞാന്‍ പറഞ്ഞു ഏയ് അതൊന്നും ഒരു പ്രശ്നമല്ലെന്ന്. അങ്ങിനെ ഞങ്ങളെ അട്ടകടിയില്‍ നിന്നും രക്ഷിക്കാനായി ആ കുട്ടി കുറച്ചു ഉപ്പ്‌ എടുത്തു തന്നു. ഞാന്‍ അതു ഒരു കവറില്‍ ആക്കി ബാഗില്‍ വെച്ചു. അങ്ങിനെ ഞാനും സജിത്തും, ഗൈഡ് ബിജുവേട്ടനും കൂടി കാടു കേറാന്‍ തുടങ്ങിയപ്പോള്‍ പിന്നില്‍ നിന്നും ഒരു കഥാപാത്രം ഇങ്ങനെ സംസാരിച്ചു “മൂന്നു പേര്‍ ചേര്‍ന്നു ഒരു വഴിക്ക്‌ പോകുന്നത്‌ ശരിയല്ല, ഞാനും കൂടി വരാം എന്ന് ” അദ്ദേഹം അവിടത്തെ ഒരു വാച്ചർ ആയിരുന്നു.


ഒരു 10 മിനുട്ട്‌ നടന്നപ്പോഴേക്കും ഭയങ്കര ആനച്ചൂരു. പക്ഷേ ആനയെ ഒന്നും കണ്ടില്ല.വഴി നീളം നല്ല തണുത്ത കാറ്റടിച്ചിരുന്നു, കുരങ്ന്മാര്‍ വലിയ മരങ്ങളുടെ മുകളില്‍ എന്തൊക്കെ ശബ്ദങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. വഴിയില്‍ ഒരു പ്ലാവില്‍ ഇടിച്ചക്ക കണ്ടു, ആനയെ കാണാം എന്ന പ്രതീക്ഷ ഉള്ളില്‍ വെച്ചു കൊണ്ട്‌  കാനനഭംഗി ആസ്വദിച്ചുമുന്നോട്ട്‌ നടന്നു.വഴിയില്‍ ഒരു പാമ്പിനെ കണ്ടു, വൈപര്‍ ആണ്. ശെന്തരുണി വനത്തില്‍ കണ്ടു വരുന്ന ഇനം ആണ്, ഏതായാലും കുറച്ചു ഫോട്ടോസ് എടുത്തു.


ഒരു 4 കിലോ മീറ്റര്‍ നടന്നപ്പോഴേക്കും  ട്രക്കിംങിന്‌ അനുവദിച്ച സ്ഥലപരിധി കഴിഞ്ഞു. വേണമെങ്കില്‍ കുറച്ചചകലെയുള്ള റോസുമല പോകാം എന്നു ഗൈഡ് പറഞ്ഞു. പക്ഷേ നടക്കാനാണെങ്കില്‍ കുറച്ചു ദൂരം ഉണ്ട്‌, ജീപ് വരുവാണേല്‍ നോക്കാം എന്നു പറഞ്ഞു. കുറച്ചു നേരം അവിടെയുള്ള ഒരു വിളക്ക് മരത്തിന്റെ അടുത്തു ഇരുന്നു. ഒരു ജീപ് വന്നു അതില്‍ 100 രൂപാ കൊടുത്തു ഞങ്ങള്‍ റോസുമല  അങ്ങാടിയിലെത്തി. അവിടെ നിന്ന് റോസ് മലയിലെ ടവറിലേക്ക് നടന്നു. മലമുകളില്‍ നിന്ന് നോക്കിയാല്‍ താഴെ നല്ല സീനറിയാണ്‌. താഴെതെന്മല  ഡാമിന്റെ ഭാഗങ്ങളൊക്കെ കാണാം. അടുത്ത പ്രാവശ്യം  വരുമ്പോള്‍ അവിടെ വരെ പോകാം എന്നു പറഞ്ഞു. അവിടെയുള്ള ടവറിന്റെ മേല്‍ കയറി നോക്കി ,ചുറ്റുപാടും അതി സുന്ദരമായ കാഴ്ചകള്‍.പിന്നെ തിരിച്ചു നടന്നു, അങ്ങാടിയില്‍ നിന്ന് ഊണ്‌ കഴിച്ചു. അവിടെനിന്നും ഒരു ജീപില്‍ കയറി വീണ്ടും വിളക്ക് മരത്തിന്റെ അവിടെ ഇറങ്ങി. പിന്നെ കാട്ടിലൂടെ നടന്നു വെള്ളച്ചാട്ടത്തിന്റെ അവിടെ എത്തി. എന്തൊരു തിരക്ക്‌, വെള്ളച്ചാട്ടം മുഴുവന്‍ ആളുകള്‍. ഞാനും ഒരു മൂലയില്‍ പോയിനിന്ന് കുളിച്ചു. പിന്നെ മേലെ കല്‍മണ്ടപത്തില്‍ കേറി കുറച്ചു ഫോടോസ് എടുത്തു.

വെള്ളച്ചാട്ടത്തിനടുത്തു കുതിരാലയത്തിന്റെ കുറച്ചു അവശിഷ്ടങ്ങള്‍കണ്ടു. പണ്ട് തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങള്‍  നീരാട്ടിനായി വരാറുണ്ടായിരുന്നത്രേ ഇവിടേക്കു. സൈന്യം സിനിമയുടെ ഷൂട്ടിങ്ങഗിനിടയില്‍ ഇതു കത്തിപ്പോയത്രേ, അന്നൊന്നും അവിടെ ഇതുപോലെ സംരക്ഷണസമിതി ഒന്നും ഉണ്ടായിരുന്നില്ല. ദൌത്യം സിനിമയുടെ പല ഭാഗങ്ങളും ഇവിടെ വെള്ളച്ചാട്ടത്തിന്റെ മുകളില്‍ വെച്ചെടുത്തിട്ടുന്തത്രേ, നല്ല വഴുക്കല്‍ ഉള്ളതിനാല്‍ അങ്ങോട്ട്‌ പോകാന്‍ തരായില്ല. നല്ല ഒരു കുളി ഒക്കെ കഴിഞ്ഞു, തിരിച്ചു റിസോര്‍ട്ടിലേക്ക് നടന്നു. റൂമിലെത്തി സുഖമായി കിടന്നുറങ്ങി. ഞാന്‍ ഉറങ്ങുന്ന സമയം എന്റെ റൂം മേറ്റ്   റിസോര്‍ട്ടിന്റെ മാനേജറുമായി ഭയങ്കര കത്തിവെപ്പായിരുന്നത്രേ. സോഫ്റ്റ്‌ വെയര്‍ രംഗത്ത് ജോലി ചെയ്യുന്നവരുടെ ദാമ്പത്യ പ്രശ്നങ്ങളും, സ്റ്റീവ് ജോബിന്റെ പ്രസംഗങ്ങളും, ഒരു റിസോര്‍റ്റ് നടത്തിപ്പിന്റെ ബുധിമുട്ടുകളും, അങ്ങിനെ  അങ്ങിനെകുറേ നേരം സംസാരിച്ചുവത്രേ. വൈകുന്നേരമായപ്പോഴേക്കും റിസോര്‍ട്ടിലെ മിക്കവാറും എല്ലാ റൂമുകളും വേകേറ്റ് ചെയ്തിരിക്കുന്നു, അവിടെ വച്ചു രജനീകാന്തിന്റെ PA ആയ സത്യനാരായണനെ കണ്ടു സംസാരിച്ചു. രജനി ചെന്നൈലെ ഒരു അമ്പലത്തിലേക് ധ്വജ പ്രതിഷ്ടാക്കായി ഇവിടെ തെന്മല ഡീപ്പോയില്‍ നിന്ന് ഒരു തെക്ക്‌ മരം വാങ്ങിയിട്ടുണ്ടത്രേ, അതിന്റെ മേല്‍നോട്ടത്തിനാണ്‌ അയാള്‍ വന്നിരിക്കുന്നത്‌ എന്നും പറഞ്ഞു. രാത്രി ചപ്പാത്തി കഴിച്ചു കിടന്നുറങ്ങി. രാവിലെ 8:30 മണിയോട് കൂടി വീണ്ടും വരാമെന്നു  ഉറപ്പ് നല്‍കി യാത്ര തിരിച്ചു.
9 മണിയുടെ ബസിനു നേരെ കൊല്ലത്ത്‌ക്ക്‌ പോയി . ഒരു 12 മണിയോടെ കൊല്ലം എത്തിചേര്‍ന്നു, നേരെ പോയത്‌ തങ്കശ്ശേരി ലൈറ്റ്‌ ഹൌസിലേക്ക്‌ , പക്ഷേ അവിടെ സന്ദര്‍ശനസമയം  3 മണി മുതല്‍ 5 മണി വരെ  മാത്രം.അവിടെ ഒന്നു കറങ്ങി, പിന്നെ നേരെ, കൊല്ലം ബീച്ചിലേക്ക്, ബീച്ചില്‍ നിന്നും നേരെ റെല്‍വെ സ്റ്റേഷനിലേക്ക്‌  വിട്ടു.

ഊണ്‌ കഴിഞ്ഞതിനുശേഷം സ്റ്റേഷനടുത്തുള്ള പോലീസ് മ്യൂസിയത്തിലും പോയി.

മ്യൂസിയത്തില്‍ ആരും ഉണ്ടായിരുന്നില്ല, സന്ദര്‍ശകരും ഇല്ല, സൂക്ഷിപ്പുകാരും ഇല്ല,  ഞാന്‍ പേടിച്ചു പേടിച്ചു കുറച്ചു ഫോട്ടോസ് ഒക്കെ എടുത്തു. പഴയകാല പോലീസ് കുപ്പായങ്ങള്‍, തൊപ്പികള്‍, പലപല  ആയുധങ്ങള്‍, തോക്കുകള്‍, ചെറിയ പീരങ്കികള്‍ അങ്ങിനെ കുറേ കണ്ടു. ട്രയിന്‌ സമയമായപ്പോള്‍ കാഴ്ച കാണല്‍ മതിയാക്കി, സ്റ്റേഷനിലേക്ക്‌ നടന്നു. അങ്ങിനെ കൊല്ലം ട്രിപ്‌ ഇവിടെ അവസാനിപ്പിക്കുന്നു.

No comments:

Post a Comment