നാഗലാ ഈസ്റ്റ്‌ – ചെന്നൈ

2013 ജൂലൈ 5 വെള്ളിയാഴ്ച, എന്റെ ഓഫീസില്‍ ടെല്ലാബ്സിന്റെ TMOS സോഫ്റ്റ്‌വെയറിന്റെ 9.1 റിലീസ് കഴിഞ്ഞസമയമാണ്. അതിന്റെ സന്തോഷം പങ്കിടാനായി ഞങ്ങളെല്ലാവരും ബാര്ബിക്യു നാഷന്‍ വടപളനിയില്‍ ഒത്തു ചേര്‍ന്നു, അതിനു ശേഷം ഞാന്‍ നേരെ തിരുവാണ്‍മിയൂരുള്ള അരുണിന്റെ വീട്ടിലേക്കു പോയി. ശനിയാഴ്ചയാണ് കൊച്ചിന്‍ അഡ്വന്‍ഞ്ചര്‍ ഫൗണ്‍ടേഷന്റെ നാഗാലാ ട്രെക്കിംഗ്, ചെന്നയില്‍ അതിനു വേണ്ട സഹായങ്ങള്‍ ഒക്കെ ചെയ്യുന്നത് ഞാനും അരുണും ചേര്ന്നാണ്. അരുണ്‍ കുട്ടപ്പനെ ഞാന്‍ ആദ്യമായി കാണുന്നത് കൊച്ചിന്‍ അഡ്വന്‍ഞ്ചര്‍ ഫൗണ്‍ടേഷന്‍ കാര് ചെന്നൈയില്‍ CTC (ചെന്നൈ ട്രെക്കിംഗ് ക്ലബ്)ടെ ബൂട്ട് ക്യാമ്പ്‌ അറ്റന്‍ഡ് ചെയ്യാന്‍ വന്നപ്പോളാണ്. പിന്നെ കണ്ടത് രണ്ടു മാസം മുമ്പ് CTC ടെ നാഗാല ഈസ്റ്റ്‌ ട്രെക്കിങ്ങിനു പോയപ്പോള്‍. അമേരിക്കയില്‍ എന്തോ അവധി ദിവസമായതിനാല്‍, ഞാന്‍ ചെല്ലുമ്പോള്‍ അരുണ്‍ റൂമില്‍ തന്നെ ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ടു പേരും കൂടി ട്രെക്കിങ്ങിനാവശ്യമുള്ള സാധനങ്ങള്‍ വാങ്ങാനായി പുറത്തേക്കിറങ്ങി. ആദ്യം കണ്ട സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് പല വ്യഞ്ജനങ്ങളൊക്കെ വാങ്ങി, അടുത്തു കണ്ട ഫ്രൂട്സ് കടയില്‍ നിന്നും 2 ആപ്പിള്‍ 2 ഓറഞ്ച് വെച്ച് 20 പേര്‍ക്ക് വാങ്ങി.അതൊക്കെ അരുണിന്റെ വീട്ടില് വെച്ചു, അടുത്ത നാള്‍ രാവിലെ അവന്‍ അതൊക്കെയായി ഞങ്ങള്ക്ക് പോകാനുള്ള വാനില്‍ റെയില്‍വേ സ്റ്റെഷനിലെക്കു വരാമെന്നേറ്റു.
തിരിച്ചു റൂമിലെത്തിയ ശേഷം ഞാന്‍ ബാഗൊക്കെ റെഡിയാക്കി വെച്ചു, ചോറ് വെക്കാനുള്ള പാത്രം ബാഗിന്റെമേല്‍ വെച്ചു കെട്ടി ശരിയാക്കി. പച്ച മാങ്ങ വാങ്ങിയത് കൊണ്ട് മാങ്ങാക്കറി ഉണ്ടാക്കി, പിന്നെ അല്ലറ ചില്ലറ സാധനങ്ങള്‍ ഒക്കെ ബാഗിലാക്കി, അവസാനം നോക്കിയപ്പോള്‍ ബാഗിന് മുടിഞ്ഞ ഭാരം. .
പിറ്റേ ദിവസം അതായത് ശനിയാഴ്ച കാലത്ത് 6 മണിക്ക് തന്നെ ഞാന്‍ ചെന്നൈ സെന്‍ട്രലില്‍ എത്തി, 6:45 ന്റെ ആലപ്പി ചെന്നൈ-എക്സ്പ്രെസ്സിനാണ് അവര്‍ 14 പേര് വരാമെന്ന് പറഞ്ഞിരിക്കുന്നത്. ഏതാണ്ട് കറക്റ്റ് സമയത്ത് തന്നെ ട്രെയിന്‍ വന്നു. അവര്‍ 14 പേരെ കൂടാതെ പിന്നെ ഞങ്ങള്‍ ചെന്നയില്‍ നിന്നും 4 പേര് കൂടി തോംസണ്‍, ബാല, അരുണ്‍ പിന്നെ ഞാനും. അങ്ങിനെ ഞങ്ങളടെ 18 അംഗ സംഘം കാലത്ത് 7:15 നു ചെന്നയില്‍ നിന്നും 100 kms അകലെയുള്ള നാഗലാപുരത്തേക്ക് വച്ച് പിടിച്ചു. കൂട്ടത്തില്‍ ഞാനും അരുണും മാത്രമാണ് മുന്‍പ് അവിടെ പോയിട്ടുള്ളത്, ഞാന്‍ ഒരു വട്ടവും അരുണ്‍ 2 വട്ടവും.
9 മണിക്ക് ഊത്തുക്കോട്ടയിലായിരുന്നു ബ്രേക്ക്‌ ഫാസ്റ്റിനായി വണ്ടി നിര്‍ത്തിയത്. ഊത്തുക്കോട്ട ജങ്ഷനില്‍ നിന്നും വലത്തോട്ട് തിരിഞ്ഞതോടെ “വെല്‍ക്കം ടു ആന്ധ്രപ്രദേശ്” ബോര്‍ഡ് കണ്ടു. ബേസ് ക്യാമ്പിലെത്താന്‍ ഇനിയും ഒരു 40 മിനുട്ട് കൂടി ഉണ്ട്. ആന്ധ്രയിലേക്ക് കടന്നപ്പോള്‍ റോഡരികിലോക്കെ മാവിന്‍ തോപ്പുകളും, റോസാപ്പു തോട്ടങ്ങളും, നെല്ല്, കരിമ്പ്‌, കപ്പ തുടങ്ങിയ പല പല തരത്തിലുള്ള കൃഷിയിടങ്ങളും കണ്ടു. അങ്ങിനെ 10 മണിയോടെ ഞങ്ങള്‍ ബേസ് ക്യാമ്പിലെത്തി. അവിടെ വേറെ 6 കാറുകള്‍ പാര്‍ക്ക്‌ ചെയ്തുകണ്ടു. CTC ക്കാര് വന്നിട്ടുണ്ടെന്ന് തോന്നുന്നു കാലത്ത് തന്നെ. ഭക്ഷണസാധനങ്ങളൊക്കെ എല്ലാവരും അവരവരുടെ ബാക്ക് പാക്കുകളില്‍ നിറച്ചു, ഒരു ടെന്റും 2 ടാര്‍പോളിന്‍ ഷീറ്റും എടുത്തു, മഴയെ അങ്ങിനെ അവഗണിക്കാന്‍ വയ്യാല്ലോ!!
IMG_5603
ഒരു മാവിന്‍ ചോട്ടിലായിരുന്നു ആദ്യത്തെ ഇടവേള. വീണ്ടും നടക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ പ്രേം ലാലില്‍ മാത്രം നടക്കാന്‍ കുറച്ചു വിഷമത തോന്നിച്ചു. വേറെ എല്ലാവരും തന്നെ നല്ല ഉഷാറാണു. വഴിയില്‍ അരുവിയുടെ കരയില്‍ ഒരിടത്ത് ഒരു ബാഗ്‌ ഇരിക്കുന്നത് കണ്ടു. പക്ഷെ അതിനടുത്തൊന്നും ആരെയും കണ്ടതുമില്ല. ഞങ്ങള്‍ കൂക്കി വിളിച്ചുനോക്കി പക്ഷെ “നോ റെസ്പോണ്‍സ്”. എന്താ സംഭവം എന്നാര്‍ക്കും പിടികിട്ടിയില്ല. എന്ന് വച്ചതാണീ ബാഗ്? എപ്പോ വച്ചതാണീ ബാഗ്‌? വല്ലവരും വെള്ളത്തില്‍ പോയിരിക്കുമോ? അതോ വെള്ളമടിക്കാര്‍ ബോധമില്ലാതെ വിട്ടിട്ടു പോയതാണോ? ബാഗ്‌ തുറന്നു നോക്കിയപ്പോള്‍ വില പിടിപ്പുള്ളതൊന്നും കാണാന്‍ കഴിഞ്ഞില്ല.
IMG_5610
ബാഗ്‌ അവിടെത്തന്നെ വച്ചിട്ട് ഞങ്ങള്‍ പിന്നെയും കുറച്ചു ദൂരം നടന്നപ്പോള്‍ ആള്ക്കാരുടെ ശബ്ദം കേള്ക്കാന്‍ തുടങ്ങി, കൂടാതെ 2 പേര് ഞങ്ങളുടെ എതിരെ വരുന്നുമുണ്ട്. ഞാന്‍ അവരോടു ആ ബാഗിനെ കുറിച്ച് പറഞ്ഞു. അവര്‍ അതെടുക്കാന്‍ പോവുകയാണെന്നായിരുന്നു മറുപടി. ലേശം കൂടി മുന്നോട്ടു പോയപ്പോള്‍ ഒരു കൂട്ടം ആള്ക്കാരെ കണ്ടു. CTC ക്കാരാണ്, മൊത്തം 30 പേരുണ്ടത്രെ. കൂട്ടത്തില്‍ ഒരു നാരിയെയും കണ്ടു. അവരുടെ വക ഞങ്ങള്ക്ക് കുറച്ചു ഉപദേശങ്ങളൊക്കെ (തേനീച്ചയെ സൂക്ഷിക്കണം, മുതലായ) കിട്ടി. ഞങ്ങളുടെ ലീഡറായ അരുണ്‍ കുട്ടപ്പനെ CTC ക്കാര്‍ക്കെല്ലാമറിയാം. അരുണ്‍ CTC ടെ കൂടെ ട്രെക്കിങ്ങിനും, സൈക്ലിംങ്ങിനുമൊക്കെ പോകാറുണ്ട്. അരുണിന് അവരുടെ വക ചില സ്പെഷ്യല്‍ ഉപദേശങ്ങളൊക്കെ കിട്ടി. അതായത് അവര്‍ CTC ക്കാര്‍ 30 പേരുണ്ടെന്നും ഞങ്ങളോട് അന്ന് രാത്രി തങ്ങാന്‍ വേറെ ക്യാമ്പ്‌ സൈറ്റ് നോക്കി വെക്കാനും പറഞ്ഞു.
1
വീണ്ടും നടന്നു തുടങ്ങിയ ഞങ്ങളുടെ അടുത്ത ഇടവേള ഡെഡ് എന്ഡ് പൂളില്‍ ആയിരുന്നു. ഡെഡ് എന്ഡ് പൂളിനെക്കുറിച്ചു പറയുകയാണെങ്കില്‍, അത്യാവശ്യം ആഴം ഉണ്ടതിന്, അതിന്റെ അപ്പുറത്തേക്ക് നീന്തിക്കടക്കണം, ലഗ്ഗേജൊക്കെ സ്വിമ്മിംഗ് ട്യൂബിന്റെ മേലെ വച്ച് വെള്ളം നനയാതെ അക്കരെ കടത്തണം. പിന്നെ പൂളിന്റെ സൈഡിലുള്ള പാറകളില്‍ വലിയ തേനീച്ചക്കൂടുകള്‍ തുങ്ങിക്കിടക്കുന്നതും കാണാം. ഞങ്ങള്‍ടെ കൂട്ടത്തില്‍ നീന്തല്‍ അറിയാത്ത തോമ്സനെയും, പ്രേംലാലിനെയും, അശ്വനികുമാറിനെയും, ഹരി പാമ്പൂരിനെയും ഞങ്ങള്‍ സ്വിമ്മിംഗ് ട്യൂബില്‍ അക്കരെ കടത്തി. ആദ്യമായി സ്വിമ്മിംഗ് ടുബില്‍ കയറിയ നീന്തല്‍ അറിയാത്ത അവരുടെ സ്വിമ്മിംഗ് ട്യൂബിലെ പരാക്രമങ്ങള്‍ കണ്ട ഞങ്ങള്‍ പിന്നെ കയറുന്നവരോടുപദേശിച്ചു. “വെറുതെ സ്വിമ്മിംഗ് ട്യൂബില്‍ പിടിച്ചു കിടന്നാല്‍ മാത്രം മതി, ഞങ്ങള്‍ അക്കരയ്ക്കു വലിച്ചു കൊണ്ട് പൊയിക്കൊള്ളാമെന്നു. ഡെഡ് എന്ഡ് പൂള്‍ കടന്നു അക്കരെ ചെന്നിട്ടാണ് എല്ലാവരും ഉച്ച ഭക്ഷണം (ബ്രെഡും, ചപ്പാത്തിയും, സ്ലൈസ്ഡ്‌ ചീസും) കഴിച്ചത്.
IMG_5634
ഒരു പത്തു മിനുട്ട് റസ്റ്റ്‌ ചെയ്ത ശേഷം, ഞങ്ങള്‍ വീണ്ടും നടക്കാന്‍ തുടങ്ങി. വഴിയില്‍ കുറച്ചു കയറ്റങ്ങളും, കൊക്കയുടെ കരയിലൂടെയുള്ള ട്രയലുകളും ഉണ്ടായിരുന്നു. ഒന്ന് കാലുതെറ്റിയിരുന്നെങ്കില്‍ പീസ് പീസ് ആയി എടുക്കേണ്ടി വരുമായിരുന്നു. അങ്ങിനെ അപകടം നിറഞ്ഞ സ്ഥലങ്ങളിലൊക്കെ കുറച്ചു ക്ഷമയോടെയും, അതീവ ശ്രധയോടെയുമായിരുന്നു ഓരോ കാല്‍പാദങ്ങളും മുന്നോട്ടു വെച്ചിരുന്നത്. തമാശകളിയും, കാര്യഗൗരവമില്ലാതെയും നടന്നാല്‍ തിരിച്ചു വീട്ടിലേക്കു പോകല്‍ ആംബുലന്സിലായിരിക്കും തീര്‍ച്ച . മുമ്പൊരിക്കല്‍ ഈ കൊക്കയുടെ കരയില്‍ CTC ക്കാരെ തേനീച്ച ആക്രമിച്ച് ഒരാള്‍ താഴേക്ക്‌ വീണു മരിച്ചിട്ടുണ്ട്. അന്ന് അവര്‍ തേനീച്ചയില്‍ നിന്ന് രക്ഷപ്പെടാന്‍ അന്ന് കരിച്ചു കളഞ്ഞ ഡ്രെസ്സുകളുടെയും, ബാഗുകളുടെയും അവശിഷ്ടങ്ങള്‍ ഞങ്ങളവിടെ കണ്ടു. അങ്ങിനെ വൈകുന്നേരം 4 മണിയോടെ അന്ന് രാത്രി സ്റ്റേ ചെയ്യേണ്ട ക്യാമ്പ്‌ സൈറ്റില്‍ എത്തി. എന്നാല്‍ സാധാരണ തങ്ങാറുള്ള ക്യാമ്പ്‌ സൈറ്റിലേക്കു ഇറങ്ങാതെ, മലമുകളില്‍ സ്റ്റേ ചെയ്യാന്‍ പറ്റുമോ എന്ന് നോക്കി. പക്ഷെ അവിടെ ആകെ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ, മൊത്തം സ്റ്റീപ് ആയ സ്ഥലവുമായിരുന്നു. പോരാത്തതിന് വെള്ളവുമില്ല. ഞാന്‍ അരുണിനോട് പറഞ്ഞു, "നമുക്ക് താഴെ തന്നെ തങ്ങാം, അതായത് നമുക്ക് കുറച്ചു സ്ഥലം മാത്രം എടുത്തു ബാക്കി മുഴുവന്‍ CTC ക്കാര്‍ക്ക് കൊടുക്കാം". അതും പറഞ്ഞു ഞങ്ങള്‍ കൃത്യം 4:30 ഓടെ “പിക്നിക് പൂള്‍” എന്ന് വിളിപ്പേരുള്ള ക്യാമ്പ്‌ സൈറ്റിലെത്തി.
3
അരുവിയുടെ ഇക്കരെ തമ്പടിച്ച ഞങ്ങള്‍, ആദ്യം അടുപ്പ് കൂട്ടി കട്ടന്‍ചായ വെച്ചു, ചായ കുടി കഴിഞ്ഞ എല്ലാവരും പല പല പണികളിലും, കേളികളിലും എര്‍പ്പെട്ടു. പ്രേം-ലാല്‍, നാസിഫ്‌ തുടങ്ങിയവരൊക്കെ ക്യാമ്പ്‌ ഫയറിനുള്ള തടികള്‍ ശേഖരിക്കാന്‍ കാട്ടിലേക്കിറങ്ങി. അഭിലാഷ്, ഉവൈസ് തുടങ്ങിയവരൊക്കെ പിക്നിക് പൂളില്‍ ആര്‍മാദിക്കാന്‍ തുടങ്ങി, ഞാന്‍ സാമ്പാറിനുള്ള കഷ്ണങ്ങള്‍ അരിഞ്ഞു തുടങ്ങി. വേറെ ഒരു അടുപ്പുകൂടി കൂട്ടി, പരിപ്പ് കഴുകി അടുപ്പത്തിട്ടു. ഒരു ആറു മണിയോട് കൂടി CTC ക്കാര്‍ അവിടെ എത്തി ചേര്‍ന്നു, കൂട്ടത്തില്‍ ചിലര്‍ക്കൊക്കെ ഞങ്ങളെ അവിടെ കണ്ടത് ഇഷ്ടപ്പെട്ടോ എന്നറിയില്ല!!!. അകലെനിന്നു തന്നെ CTC യിലെ ചിലര്‍ അവരുടെ നേതാവിനോട് ഉറക്കെ വിളിച്ചു ചോദിക്കുന്നതുകേട്ടു “പ്രേം, എവിടെയാടാ നമ്മുടെ ക്യാമ്പ്‌ സൈറ്റ് ?”. അവര്‍ വന്ന് അരുവിയുടെ അക്കരെ ലഗ്ഗെജൊക്കെ ഇറക്കി വെച്ചു. പിന്നെ നമ്മള്ടെ ആള്ക്കാരുടെ പിക്നിക് പൂളിലെ പ്രകടങ്ങള്‍ കണ്ട്‌ വായും പൊളിച്ചിരിപ്പായിരുന്നു. രാത്രി ഒരു 8 മണിയോട് കൂടി ചോറും സാമ്പാറും അമരക്ക ഉപ്പേരിയും തയ്യാര്‍. മാങ്ങാ അച്ചാര്‍ ഞാന്‍ വീട്ടില്‍ നിന്നും ഉണ്ടാക്കി കൊണ്ടുവന്നിരുന്നു.
IMG_5650
പിന്നെ ക്യാമ്പ്‌ ഫയര്‍ തുടങ്ങി, വിറകുകളെല്ലാം ഭംഗിയായി അടുക്കി വെച്ച്, വെള്ളത്തിനോട് വളരെ ചേര്‍ന്ന്. ഒരു നല്ല ക്യാമ്പ്‌ ഫയര്‍ ആയിരുന്നു അത്. ആദ്യമായി എല്ലാവരും ഒന്ന് സ്വയം പരിചയപ്പെടുത്തി. അതിനു ശേഷം ഒറ്റക്കും, സംഘമായും ഗാനാലാപനം തുടങ്ങി. പരിപാടി ഒന്ന് കൊഴുത്തുവരുമ്പോള്‍ CTC ക്കാരുടെ ലീഡര്‍ പ്രേം നമ്മടെ ലീഡര്‍ ആയ അരുണിനെ വിളിച്ചു ഒരു റിക്വസ്റ്റ് “അധികം ശബ്ദമുണ്ടാക്കാതെ പാടൂ എന്ന്”. ഞങ്ങള്‍ എത്ര ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കിയാലും വെള്ളം ഒഴുകുന്ന ശബ്ദത്തില്‍, അല്ലെങ്കില്‍ അവിടെയുള്ള ചെറിയ വെള്ളച്ചാട്ടത്തിന്റെ ശബ്ദത്തില്‍ അതൊന്നും അവര്‍ക്ക് ശല്യമാകാന്‍ യാതൊരു ചാന്‍സുമില്ല, പിന്നെ ക്യാമ്പ്‌ ഫയറിനു ചുറ്റും മൌന പ്രാര്‍ത്ഥന കൂടണമോ? ഏതായാലും അരുണിന്റെ അഭിപ്രായത്തെ മാനിച്ചു ഞങ്ങള്‍ ശബ്ദം കുറച്ചു. ഇനി അവര്‍ക്ക് മലയാളം പാട്ടു കേട്ടിട്ടാണോ ഇറിറ്റെയ്ഷന്‍ എന്ന് വിചാരിച്ചു ഹിന്ദിയിലും, തമിഴിലും ചില പാട്ടുകള്‍ ഉച്ചത്തിലല്ലാതെ കുറച്ചു നേരം കൂടി പാടി. പിന്നെ ഭക്ഷണം കഴിച്ചു. 18 പേര്‍ കഴിച്ചു കഴിഞ്ഞിട്ടും ഭക്ഷണം ബാക്കിയായി. ബാക്കിയായതൊക്കെ അടച്ചു വെച്ചിട്ട് ഏകദേശം 9:30 ഓടെ എല്ലാവരും ഉറങ്ങാന്‍ കിടന്നു. രാത്രി ഒരു 11:30 ഓടുകൂടി മഴ തുടങ്ങി.
കൊണ്ടുപോയ ടാര്‍പായ ഒന്നും ഞങ്ങള്‍ വലിച്ചു കെട്ടിയിരുന്നില്ല. വെറുതെ പാറപ്പുറത്ത് കിടന്നായിരുന്നു അതുവരെ ഉറങ്ങിയത്. മഴ വന്നപ്പോള്‍ എല്ലാവരും 2 കൂട്ടമായി ഇരുന്നു ടാര്‍പായ വലിച്ചു മുകളിലിട്ടു. ഒരു രണ്ടു മൂന്നു പേര്‍ ടെന്റിനുള്ളിലും. മഴ മാറുമോ എന്ന് നോക്കി കുറേ നേരം ടാര്‍പ്പായക്കടിയിലിരുന്നു. അങ്ങിനെ ബോറടിച്ച ചിലര്‍ കവിതകള്‍ പാടി തുടങ്ങി, വെറുതെ സമയം പോകാന്‍ മാത്രം. പിന്നെ പാട്ട് പാടുന്ന സമയം അത്ര ശരിയല്ല, എന്ന് തോന്നിയതിനാലാണോ എന്തോ പാടല്‍ തനിയെ നിന്നു. അതിനിടക്ക് ഞാന്‍ ആ ടാര്‍പ്പായ ഒക്കെ ഒന്ന് വലിച്ചു കെട്ടി. മഴ പെയ്തപ്പോള്‍ ഞങ്ങളുടെ കൂടെ ടാര്‍പ്പായക്കടിയില്‍ കിടക്കാന്‍ CTC യിലെ രണ്ടുപേരും ഉണ്ടായിരുന്നു. ഞാന്‍ എന്റെ സ്ലീപിംഗ് ബാഗിലായിരുന്നു കിടന്നത്. പക്ഷെ അതിന്റെ സിപ്‌ ഊരിപ്പോയി അതിനാല്‍ രാത്രി ഇരുട്ടത്ത് അത് ക്ലോസ് ചെയ്യാന്‍ പറ്റിയില്ല, എന്നാലും സ്ലീപിംഗ് ബാഗ് മൂടിപ്പുതച്ചുകിടന്നു. രാവിലെ എണീറ്റപ്പോള്‍ മേലാകെ നനഞ്ഞിരിക്കുന്നു, രാത്രി മുഴുവന്‍ മഴ പെയ്തിരിക്കും. അതൊന്നും കാര്യമാക്കാതെ ഞാനടക്കം എല്ലാവരും പാതി നനഞ്ഞും, നനയാതെയും നന്നായി ഉറങ്ങിയിരിക്കും എന്നാതായിരിക്കും സത്യം.
രാവിലെ 5:45 നു നേരം പുലര്‍ന്നപ്പോള്‍ ഞാന്‍ എണീറ്റ്‌ അടുപ്പ് കൂട്ടാന്‍ നോക്കിയപ്പോള്‍ വിറകിനൊക്കെ കത്താന്‍ ഒരു മടി. കട്ടന്‍ ചായ കുടിച്ചതിനു ശേഷം ചിലര് തലേ ദിവസത്തെ ചോറും, സാമ്പാറും എടുത്തു കഴിച്ചു. വേറെ ചിലര് ചപ്പാത്തി, സാമ്പാറും, അച്ചാറുമൊക്കെ ചേര്ത്തു കഴിച്ചു. രാവിലെ 7:30 നു ഞങ്ങള്‍ ക്യാമ്പ്‌ സൈറ്റില്‍ നിന്ന് മടക്കയാത്ര ആരംഭിച്ചു. തിരിച്ചു വരുമ്പോള്‍ ഒരിടത്തു ഉറുമ്പുകള്‍ ഭക്ഷണസാധനങ്ങള്‍ എടുത്തു കൊണ്ടുപോകുന്നത് കണ്ട്‌ ബിനോയ്‌ പറഞ്ഞു ഇവിടെ മഴക്കാലം ആരംഭിക്കാന്‍ പോവുകയാണെന്ന്. മൂപ്പരുടെ കണ്ട്‌ പിടുത്തം ശരിയാണ്. ആന്ധ്രയിന്‍ ജൂലൈ ഓഗസ്റ്റ്‌ സെപ്റ്റംബര്‍ ആണ് മഴക്കാലം. 11 മണിയോടെ ഞങ്ങള്‍ വീണ്ടും ഡെഡ് എന്ഡ് പൂളിലെത്തി, പൂള്‍ മുറിച്ചു കടന്നതിനു ശേഷം ഒരിടത്തു ഉച്ച ഭക്ഷണത്തിനുള്ള അടുപ്പ് കൂട്ടി. കോണ്‍ ഫ്ലെയ്ക്സും, സൂപ്പുമായിരുന്നു ഉച്ച ഭക്ഷണം.
ഒരു മണിയോടെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി. 3:30 ഓടെ ബേസ് ക്യാമ്പിലെത്തിച്ചേര്‍ന്നു. അവിടെയുള്ള ചെക്ക് ഡാം മുറിച്ചു കടന്നാണ് വാന്‍ നിര്‍ത്തിയിട്ടിരിക്കുന്നിടത്തേക്ക് പോയത്. ഡാമില്‍ ഒരു തുള്ളി വെള്ളം പോലുമില്ല. ഈ ഡാമിലാണ് ഒരു മലയാളി IIT വിദ്യാരര്‍ത്തി മുങ്ങി മരിച്ചത്, ആ സംഭവം നിങ്ങളൊക്കെ പേപ്പറില്‍ വായിച്ചിട്ടുണ്ടായിരിക്കും. ഡാമിനോട് ചേര്‍ന്ന് തന്നെ ഒരു അമ്പലവും കാണാം.
IMG_5683
ട്രെയിന്‍ മിസ്സ്‌ ആകരുതല്ലോ എന്ന് വിചാരിച്ചു അധികം സമയം എവിടെയും ചിലവഴിക്കാന്‍ ഞാനും, അരുണും ആരെയും അനുവദിച്ചിരുന്നില്ല. 4 മണിക്ക് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു. 7 മണിക്ക് ശേഷമാണ് ചെന്നൈ സെന്ട്രലിലെത്തിയത്. 8:45 ന്റെ ആലപ്പി ട്രെയിനിനാണ് ടിക്കറ്റ്‌ റിസര്‍വ് ചെയ്തിട്ടുണ്ടായിരുന്നത്. കേരളത്തില്‍ നിന്ന് വന്ന എല്ലാവരോടും, പിന്നെ അരുണ്‍, അവന്റെ റൂമ്മേറ്റ്‌ തോംസണ്‍, അരുണിന്റെ ഫ്രണ്ട് തിരുപ്പൂര്‍കാരന്‍ ബാല. അങ്ങിനെ എല്ലാവരോടും യാത്ര പറഞ്ഞു ഞാന്‍ എന്റെ റൂമിലേക്ക്‌ തിരിച്ചു.
IMG_5664
നാഗലാപുരത്ത് മുന്‍പൊരിക്കല്‍ CTC യുടെ കൂടെ പോയിട്ടുണ്ടെങ്കിലും, എനിക്ക് അവിടത്തെ ട്രയല്‍സ് അത്ര പരിചയമില്ല, എങ്ങിനെയെങ്കിലും ലക്‍ഷ്യലെത്തിക്കാം എന്ന് മാത്രം. ആ അവസരത്തിലാണ് അരുണ്‍ കുട്ടപ്പന്‍ മൂപ്പരും കൂടെ വരാം എന്ന് പറഞ്ഞത്. എതായാലും അദ്ദേഹം കൂടെ വന്നത് വളരെ നന്നായി. അടുത്ത വര്‍ഷം ഇതേ സ്ഥലത്തേക്ക് ഒരു മൂന്ന് ദിവസത്തെ ക്യാമ്പ്‌ സംഘടിപ്പിക്കണം. ട്രെയിന്‍ മിസ്സാകുമെന്ന പേടിയില്ലാതെ സമാധാനവും സ്വസ്സ്ഥതയുമുള്ള ഒരുഗ്രന്‍ ക്യാമ്പ്‌.


മൊത്തം ചിലവായ തുക - ഒരാള്‍ക്ക്‌ 970 രൂപ ആയി.  നാട്ടില്‍ നിന്ന് ചെന്നയില്‍ വരാനുള്ള ട്രെയിന്‍ ടിക്കറ്റ്‌ ഈ 970 ല്‍ ഉള്‍പ്പെടില്ല.

Driver details :-

Sri Lakshmi travels,
Proprietor : Pandyarajan
Chennai - 96
Cell : 9884118861, 9176272047, 09492848131
Saturday morning 6am to Sunday night 8 pm (Mahindra maxi cab)- Rs 9000(inclusive of all charges)