സൈലന്റ് വാലി, നെല്ലിയാമ്പതി

കഴിഞ്ഞ സെപ്റ്റംബറില്‍ ഓഫീസ്മേറ്റ്സിന്റെ കൂടെ വയനാട് പോയതിനുശേഷം ഇപ്പോഴാണ് വീണ്ടും അവരുടെ കൂട്ടി ഒരു ട്രിപ്പിനു സാഹചര്യം ഒത്തുവന്നത്. പതിവുപോലെ വൈകുന്നേരം 5 മണിയുടെ മംഗലാപുരം ട്രെയിനിനു ചെന്നയില്‍ നിന്ന് ഞങ്ങള്‍ കയറി. ഒരു ശനിയാഴ്ച്ച പുലര്‍ച്ചെ 1:30 നു ഞങ്ങള്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. മണ്ണാര്‍ക്കാട് പോയി റൂം എടുക്കാനായിരുന്നു പ്ലാന്‍. ടാക്സി സ്റ്റാന്റില്‍ ആകെ അംബാസ്സിഡര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, ഞങ്ങള്‍ 7 പേരും അതിന്‍ കയറി മണ്ണാര്‍ക്കാട്ടെക്ക് തിരിച്ചു, 3 മണിക്ക് മണ്ണാര്‍ക്കാട്ടെത്തി 3 ഡബിള്‍ റൂം എടുത്തു, പിന്നെ ചെറുതായി ഒന്നുറങ്ങി. കാലത്ത് എല്ലാരും ആറ് മണിക്ക് തന്നെ ആനക്കട്ടിക്കു പോകുന്ന ബസില്‍ കയറി. ഏകദേശം 7:10 ഓടെ മുക്കാലിയില്‍ ഇറങ്ങി. ഇകോ ടൂറിസത്തിന്റെ ഓഫീസ്‌ 8 മണിക്കേ തുറക്കൂ എന്നറിഞ്ഞു. ചായയും പലഹാരവും കഴിക്കാമെന്ന് വച്ചപ്പോള്‍ കടകളൊന്നും തുറന്നിട്ടില്ല, തുറന്ന കടകളിലൊക്കെ എല്ലാം ആയി വരുന്നതേയുള്ളൂ. 10 മിനിറ്റു വെയിറ്റ് ചെയ്തപ്പോള്‍ അപ്പവും, പഴയ മുട്ടക്കറിയും കിട്ടി. അങ്ങിനെ ഞങ്ങള്‍ ഇകോ ടൂറിസത്തിന്റെ ഓഫീസിലെത്തി, അവിടെ ബാംഗ്ലൂരില്‍ നിന്ന് വന്ന ഒരു ടീമിനെ കണ്ടു. പക്ഷെ അവര്‍ മുന്‍കൂടി ബുക്ക്‌ ചെയ്തിട്ടൊന്നുമില്ലത്രേ, ഞാന്‍ വെബ്‌സൈറ്റില്‍ കണ്ട നമ്പറില്‍ വിളിച്ചു മുന്‍പെതന്നെ ബുക്ക്‌ ചെയ്തിരുന്നു.aa2
അവിടത്തെ പാക്കെജുകളെപ്പറ്റി പറയുകയാണെങ്കില്‍, 800 രൂപ കൊടുത്താല്‍ ജീപ്പില്‍ അവര്‍ മുക്കാലിയില്‍ നിന്ന് സൈലന്റ് വാലി വരെ കൊണ്ട് പോയി കൊണ്ട് വരും, അവിടെ പോയി വാച് ടവറും, കുന്തി പുഴയിലെ തൂക്കു പാലവും ഒക്കെ സന്ദര്‍ശിച്ചു മടങ്ങാം. പിന്നെ സൈലെന്റ് വാലിയുടെ ബഫര്‍സോണുകളിലൂടെ 2 ട്രെക്കിംഗ് ട്രയല്‍സ്, 1.കരുവാറ വെള്ളച്ചാട്ടം 2. കീരിപ്പാറ, ആളൊന്നിനു 100 രൂപയാണ് ഫീസ്. ഞങ്ങള്‍ തിരഞ്ഞെടുത്തത് കരുവാറ ട്രയലായിരുന്നു, പക്ഷെ ഒരക്കിടി പറ്റി, ഞാന്‍ വിചാരിച്ചിരുന്നത് ട്രെക്കിംഗ് ആരംഭിക്കുനത് സൈലെന്റ് വാലിയില്‍ നിന്നാണ് എന്നായിരുന്നു, പക്ഷെ ട്രെക്കിംഗ് മുക്കാലിയില്‍ നിന്ന് തന്നെ ആരംഭിച്ചു. ഒരു 3 kms ടാറിട്ട റോഡിലൂടെയാണ്‌ നടത്തം, പിന്നെ ഒരു 2 kms കാട്ടിലൂടെയും. നടന്നു നടന്നു ഞങ്ങള്‍ വെള്ളച്ചാട്ടതിന്റെയവിടെയെത്തി. വെള്ളത്തിലിറങ്ങരുതെന്നാണ് ട്രെക്കിങ്ങിനു വരുന്നവര്ക്കുള്ള കല്പ്പന, പക്ഷെ ഇത്ര സുന്ദരമായ സ്ഥലത്ത് വന്നിട്ട് വെള്ളത്തിലിറങ്ങാതിരിക്കുന്നതെങ്ങിനെയാ!!. ഗൈഡിന്റെ അര്‍ധസമ്മതത്തോടെ ഞങ്ങള്‍ വെള്ളത്തിലിറങ്ങി. അധിക നേരമൊന്നും നീരാടാന്‍ ഗൈഡ് അണ്ണന്‍ അനുവദിച്ചില്ല, ആകെ 3 മണിക്കൂറാണത്രേ ഈ ട്രയലിനനുവദിച്ച സമയം. ഞങ്ങള്‍ക്കാനെങ്കില്‍ കുറച്ചു കൂടി ട്രെക്ക് ചെയ്‌താല്‍ കൊള്ളാമെന്നുണ്ടായിരുന്നു, പക്ഷെ വേറെ അടുത്ത് നല്ല ട്രയല്‍സ് ഒന്നും ഇല്ലെന്നാണ് ഗൈഡ് പറഞ്ഞത്, ഞങ്ങള്‍ തിരിച്ചു വരുന്ന വഴിയില്‍ കുറെ ആനപ്പിണ്ടങ്ങള്‍ ഒക്കെ കണ്ടു, ആനകളെ ഒന്നും കണ്ടില്ല താനും!!
a3a4a9
തിരിച്ചു മുക്കാലിയില്‍ എത്തി അടുത്ത ബസിനു മണ്ണാര്‍ക്കാട്ടെക്കു തിരിച്ചു. അവിടെപ്പോയി ഊണും കഴിഞ്ഞു നേരെ പാലക്കാട്ടേക്ക് പോയി. പോകുന്ന വഴിക്ക് കല്ലടിക്കോടന്‍ മലനിരകളും, കാഞ്ഞിരപ്പുഴഡാമുമൊക്കെ ഉണ്ടായിരുന്നു, പക്ഷെ സമയപരിമിതി മൂലം ഇറങ്ങാന്‍ കഴിഞ്ഞില്ല. പാലക്കാട് എത്തി, കോട്ട മൈതാനത്തുള്ള ടിപ്പുവിന്റെ കോട്ടയില്‍ ഒന്ന് കറങ്ങി.
b1b2
അതിനു ശേഷം നേരെ KSTRC ബസ്സ്റ്റാന്‍ഡില്‍ പോയി, അവിടന്ന് 4:45 – 5 മണിയോട് കൂടി നെല്ലിയാമ്പതിയിലേക്കുള്ള ബസ് കിട്ടി. വഴിയില്‍ പോത്തുണ്ടി ഡാം കണ്ടു, ബസിലായിരുന്നതിനാല്‍ ഇറങ്ങാന്‍ പറ്റില്ല. അങ്ങിനെ ഹെയര്‍പിന്‍ വളവുകളും ചുരവുമൊക്കെ കയറി രാത്രി 7:30 ഓടു കൂടി പുലയന്പാറ എത്തി. പുലയന്‍ പാറ അതായിരുന്നു ഞങ്ങളുടെ സ്റ്റോപ്പ്‌, ബസ് സ്റ്റൊപിനടുത്തുള്ള ജോബിയുടെ ITL ഡോര്‍മിറ്ററിയിലാണ് ഞങ്ങളുടെ താമസം ശരിയാക്കിയിരുന്നത്. രാത്രിഭക്ഷണമായ ചപ്പാത്തിയും, ചിക്കന്‍ കറിയും, മിക്സഡ്‌ കുറുമയും എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. വളരെയേറെ ക്ഷീണിതരായതിനാല്‍ നേരത്തെ തന്നെ ഉറങ്ങാന്‍ കിടന്നു.
ok3അടുത്ത ദിവസം രാവിലെ ഞാനും പഴനിയപ്പനും സജിത്തും കൂടി അടുത്തുള്ള ചന്ദ്രമല ടീ-എസ്റ്റെസ്റ്റില്‍ മോണിംഗ് വാക്കിനു പോയി. ഞങ്ങള്‍ അവിടെ ഒരു നല്ല വ്യൂ പോയിന്റ്‌ കണ്ടു, പക്ഷെ അങ്ങോട്ട്‌ പോകുന്ന വഴിക്ക് ഒരു ശുനകനും ഒരു ശുനകിയും. അതിനെ കണ്ടപ്പോള്‍ തന്നെ എന്റെകൂടെ വന്ന രണ്ടു സുഹൃത്തുക്കള്‍ അവിടെനിന്നു. ശുനകന്‍ ചെറുതായി വാലാട്ടുന്നുണ്ടായിരുന്നു, ശുനകി വേറെ എന്തോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു എന്നെ ശ്രദ്ധിച്ചിട്ടില്ല. ഞാന്‍ ഒരു മൂന്നടി മുന്നോട്ടു വെച്ചു, പെട്ടെന്ന് ആ ശുനകി എന്റെ മുന്നിലേക്ക്‌ ഓടി വന്നു. ഞാന്‍ അനങ്ങിയില്ല, അത് വന്നിട്ട് എന്റെ പിന്കാലിലെ തുടയുടെ ഭാഗത്ത്‌ കടിച്ചു,നല്ല ഇറച്ചിയുള്ള സ്ഥലം നോക്കിയാണ് ലവള്‍ കടിച്ചത്, പക്ഷെ എന്റെ ഭാഗ്യത്തിന് ലവള്‍ക്ക് എന്റെ ട്രാക്ക് സ്യൂട്ട് കീറാനെ കഴിഞ്ഞുള്ളു. കടിച്ച ശേഷം അത് വീണ്ടും വന്ന സ്ഥലത്തേക്കുതന്നെ ഓടിപ്പോയി, ഞാന്‍ പതുക്കെ തിരിച്ചു പോന്നു. ശുനകന്‍ വാലാട്ടുന്നത് കണ്ടിട്ടാണ് ഞാന്‍ മുന്നോട്ടു പോയത്, പക്ഷെ ശുനകിയുടെ ആക്രമണം അപ്രതിക്ഷിതമായിരുന്നു. അവിടെ ആനയും പുലിയുമൊക്കെ വരാറുണ്ടത്രെ എന്നാണു കേട്ട് കേള്‍വി, പക്ഷെ ഞങ്ങള്‍ ഒന്നിനെയും കണ്ടില്ല, തിരിച്ചു വന്നു കുളിച്ചു റെഡിയായി.
3000 രൂപയ്ക്കു ഒരു ജീപ്പ് വാടകക്കെടുത്തു, അവിടെയുള്ള ടൂറിസ്റ്റ് സ്പോട്ട് ഒക്കെ കൊണ്ടുപോയി കാണിച്ചു തരാമെന്ന വ്യവസ്ഥയില്‍. അങ്ങിനെ ആദ്യ സ്ഥലം കാണാനായി 8:15 ഓടെ ഓഫ്‌ റോഡ്‌ ജീപ്പ് യാത്ര ആരംഭിച്ചു.ചെക്ക്‌ പോസ്റ്റില്‍ ഫീസടച്ച് കാട്ടിനുള്ളിലേക്ക്‌ കേറി. മൃഗങ്ങളെയൊന്നും കണ്ടില്ല വഴിയിലൊന്നും. നേരെ പോയി നിര്‍ത്തിയത് ഒരു കൊക്കയുടെ കരയില്‍. എല്ലാവരും കുറെ പടങ്ങള്‍ ഒക്കെ എടുത്തു, കാലുതെറ്റിയാല്‍ താഴെ പോയി പീസായിപീസായി എടുക്കേണ്ടി വരും.
n2n310 മിനിറ്റ് അവിടെ നിന്ന ശേഷം പിന്നെയും ഞങ്ങള്‍ യാത്ര തുടങ്ങി. പോകുന്ന വഴിക്ക് പൊളിഞ്ഞ ഫോറെസ്റ്റ് വക കെട്ടിടങ്ങള്‍, വയര്‍ലെസ് സ്റ്റേഷന്‍ ഒക്കെ കണ്ടു. “ഭ്രമരം” സിനിമ ഷൂട്ട്‌ ചെയ്ത കാരശൂരി എന്ന സ്ഥലത്തേക്കാണ്‌ അടുത്തതായി പോയത്.വഴിനീളെ ഉരുളന്‍ കല്ലുകള്‍ക്ക് യാതൊരു പഞ്ഞവുമില്ല. വണ്ടിയില്‍ കോയമ്പത്തൂര്‍ റേഡിയോ FM പാടിക്കൊണ്ടേയിരുന്നു.
n5n4
കാരശൂരി, അതി മനോഹരമായ സ്ഥലമാണ്, അവിടെ അടുത്ത് ഒരു റിസോര്‍ട്ടും ഉണ്ടെന്നു ഞങ്ങളുടെ ജീപ്പ് ഡ്രൈവര്‍ പറഞ്ഞു ഒരു ദിവസത്തേക്ക് വാടക 5000 ക. ആണത്രേ, താല്‍പര്യമുണ്ടെങ്കില്‍ ഡ്രൈവര്‍ ചേട്ടന്‍ ബുക്ക് ചെയ്തു തരാമെന്നു പറഞ്ഞു. റിസോര്‍ട്ടിനടുത്തു തന്നെ ഒരു ട്രെക്കിംഗ് ട്രയലുമുണ്ടത്രേ!. ഒരു 20 മിനുട്ട് ചിലവഴിച്ച ശേഷം പ്രാതല്‍ കഴിക്കാനായി ഞങ്ങള്‍ തിരിച്ചു ഡോര്‍മിറ്ററിയിലേക്ക് തിരിച്ചു.
പിന്നെ പോയത് പോബ്സിന്റെ ഫാമിനുള്ളില്‍ക്കൂടി “സീതാര്‍കുണ്ട്” വ്യൂ പോയിന്റിലേക്ക്. പ്രകൃതി അതിന്റെ സര്‍വ്വ സൌന്ദര്യവും വാരിവിതറിയ അതിമനോഹരമായ പ്രദേശമാണിതു. താഴേക്കു നോക്കിയാല്‍ അഗാധതയില്‍ കൊക്കകള്‍ കാണാം, കൊക്കയോട് ചേര്‍ന്ന വഴിയിലൂടെ ഞങ്ങള്‍ കുറച്ചു ദൂരം നടന്നു, ടൂറിസ്റ്റുകളായി വേറെ ഭാഷക്കാരെയൊന്നും കണ്ടില്ല, ഭാഗ്യം അല്ലെങ്കില്‍ കൊക്കയില്‍ വീണു കുറെ പേര് മരിച്ചേനെ:).
n8n9
n10 കാരപ്പാറ വെള്ളച്ചാട്ടത്തിലേക്കാണ് പിന്നെ പോയത്, പോകുന്ന വഴിയില്‍ റോഡിനിരുവശവും തേയിലത്തോട്ടങ്ങളാണ്.
ok1ok2 വേനല്‍ക്കാലമായതിനാല്‍ അവിടെ വെള്ളം കുറവായിരുന്നു, അതിനാല്‍ അരുവിയില്‍ ഇറങ്ങി കുളിക്കുകയും, നീന്തുമൊക്കെയും ചെയ്തു. വീണ്ടും ഊണ് കഴിക്കാനായി ഡോര്‍മിറ്ററിയിലേക്ക്. അവസാനമായി പോയത് മാട്ടുമലയിലേക്ക്.
z01z02
ഡോര്‍മിറ്ററിയില്‍ നിന്നും ഏകദേശം അര മണിക്കൂര്‍ യാത്ര ഉണ്ട്. മാട്ടുമലയില്‍ കാട്ടുപോത്തിന്റെ (കാട്ടിയുടെ) ചാണകം അവിടവിടെയായി കുറെ കണ്ടു, പഴകിയ ആനപ്പിണ്ടങ്ങള്‍ അവരും ഇവിടത്തെ സന്ദര്‍ശകരാണെന്നു ഞങളെ അറിയിച്ചു. മലമുകളില്‍ നിന്ന് നോക്കിയാല്‍ അങ്ങകലെ പറമ്പിക്കുളം ഏരിയ ഒക്കെ കാണാം, വേനല്‍ക്കാലമായതിനാല്‍ ആകെ വരണ്ടുണങ്ങിക്കിടക്കുകയാണ് പറമ്പിക്കുളം. പിന്നെ ഞങ്ങള്‍ മലയിറങ്ങാന്‍ തുടങ്ങി.
z03zyzxതിരിച്ചു പുലയന്‍ പാറ വന്നു, വരുന്ന വഴിക്ക് ടയറൊന്നു പഞ്ചറായി.
zz പിന്നെ എല്ലാവരും പര്‍ച്ചേസിങ്ങിനു കേറി, പര്‍ച്ചേസിംഗ് എല്ലാം കഴിഞ്ഞു ITL ഡോര്‍മിറ്ററിയിലെ ജോബിച്ചേട്ടനോടും ജീപ്പ് ഡ്രൈവരോടും നന്ദി പറഞ്ഞു ഞങ്ങള്‍ 5:30 ന്റെ പാലക്കാട്‌ ബസിനു കയറി.


ജീപ്പ് ഡ്രൈവര്‍ : 94461 53729
ITL ജോബി : 94468 18961
KSRTC പാലക്കാട് ഡിപ്പോ: 04912 520098

നെല്ലിയാമ്പതിയില്‍ BSNL ന് മാത്രമേ സെല്‍ ഫോണില്‍ സിഗ്നല്‍ ലഭ്യമാകൂ. KSRTC പാലക്കാട് ഡിപ്പോയില്‍ വിളിച്ചു ചോദിച്ചാല്‍ ബസിന്റെ സമയ വിവരങ്ങള്‍ അറിയാന്‍ കഴിയും. വൈകുന്നേരം ചെക്ക് പോസ്റ്റ്‌ അടച്ചു കഴിഞ്ഞാല്‍ പ്രൈവറ്റ് വാഹനങ്ങള്‍ക്ക് നെല്ലിയാമ്പതിയിലേക്ക് പ്രവേശിക്കാന്‍ നിബന്ധനകളുണ്ട്.

1 comment:

 1. ആശംസകള്‍ നേരുന്നു
  KULUKKUMALAI TEA TOP SURYANELLY MUNNAR
  കുളുക്കുമല സുര്യനെല്ലി മുന്നാര്‍
  a travel towards nature.....................
  www.sabukeralam.blogspot.in
  to join പ്രകൃതിയിലേക്ക് ഒരു യാത്ര.
  www.facebook.com/sabukeralam1
  www.travelviews.in

  ReplyDelete