ഒന്നിൽ
പിഴച്ചാൽ മൂന്നു - ഇത് മൂന്നാം തവണയാണ് വെള്ളരിമലക്കു പുറപ്പെടുന്നത്.
ആദ്യത്തേത് 3 വർഷങ്ങൾക്കു മുമ്പായിരുന്നു, ചില കാരണങ്ങളാൽ അന്നതു
മുടങ്ങിപ്പോയി. പിന്നെ പോയത് കൃത്യം ഒരു മാസം മുമ്പ്, 2016 ഫെബ്രുവരിയിലായിരുന്നു.
അന്ന് തേനീച്ച കുത്തി കാട് മൊത്തം ഓടി, ചെറുതായി വഴി തെറ്റി, കുത്തു
കൊണ്ട് അവശരായി. അങ്ങിനെ ട്രെക്ക് പാതി വഴിക്കു ഉപേക്ഷിക്കേണ്ടി വന്നു.
പക്ഷെ അന്ന് അവിടെ വച്ച് തന്നെ അടുത്ത വെള്ളരിമല ട്രെക്ക് മാർച്ചു മാസം
അവസാനം 25-26 ദുഃഖവെള്ളി, ശനി ദിവസങ്ങളിൽ നടത്തണമെന്ന്
തീരുമാനിച്ചുറപ്പിച്ചു.
വെള്ളരിമലയെക്കുറിച്ചു
പറയുകയാണെങ്കിൽ പണ്ട് നിലമ്പൂർ കോവിലകത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന
സ്ഥലമാണത്രെ. ഇപ്പോഴത്തെ അവസ്ഥ എന്താണെന്നു എന്ന് എനിക്ക് അത്ര നിശ്ചയം
പോരാ. ഇവിടേക്കുള്ള ട്രെക്കിങ്ങ് തുടങ്ങുന്നത് പ്രധാനമായും മുത്തപ്പൻ പുഴ,
ആനക്കാം പൊയ്യിൽ എന്നീ ഗ്രാമങ്ങളിൽ നിന്നാണ്. കോഴിക്കോട്ന്നു ഏകദേശം 50kms
ദൂരമുണ്ട് ഇവിടേയ്ക്ക്. ഇരുവഞ്ഞിപ്പുഴയുടെ ഉത്ഭവം ഈ മലനിരകളിൽ നിന്നാണ്.
വളരെയധികം അപൂർവ സസ്യങ്ങൾ ഉള്ള ഇവിടം റിസേർച്ചേഴ്‌സ്ന്റെ ഒരു പറുദീസ
ആണെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. രണ്ടോ, മൂന്നോ ദിവസം ഉണ്ടെങ്കിൽ
വെള്ളരിമലയും, വാവൽ മലയും, അടുത്തുള്ള മസ്തക പാറയുമൊക്കെ എക്സ്പ്ലോർ
ചെയ്യാൻ പറ്റുന്ന മാതിരിയാണ് ഇവിടേയ്ക്ക് ആൾക്കാർ ട്രെക്കിനു വരാറ്.
പോകുന്നതിനു
ഒരു മാസം മുമ്പ് തന്നെ ഞാൻ ഒരുക്കങ്ങൾ തുടങ്ങി. അപ്പോളോ ടയേഴ്സിലെ സഞ്ജിത്
മേനോനും, തിരുനെൽവേലിയിലെ രാജീവേട്ടനും, പോണ്ടിച്ചേരിയിലെ സുരേഷും,
മുണ്ടൂർകാരൻ ലിന്റോയും, കോതമംഗലം ഷമീറും അടങ്ങുന്ന ഒരു വലിയ സംഘം തന്നെ
ഉണ്ടായിരുന്നു ട്രെക്കിനു വരാമെന്നേറ്റിരുന്നവരുടെ പ്രഥമ ലിസ്റ്റിൽ. പക്ഷെ
ട്രെക്ക് പോകുന്ന ദിവസങ്ങൾ അടുത്ത് വന്നതോടെ വരാമെന്നു പറഞ്ഞവരിൽ പലരും
ഓരോരോ കാരണങ്ങൾ പറഞ്ഞു പിന്മാറി തുടങ്ങി. അങ്ങിനെ ട്രെക്ക് പോകുന്ന ആ
സുദിനം വന്നെത്തി. 9 പേരായിരുന്നു അവസാന ലിസ്റ്റിൽ ഉണ്ടായിരുന്നുന്നതു.
രാജീവ്, ഷമീർ, ഫെബിൻ, അനൂപ്, ഡോ.രവി, ലിന്റോ, ഡോ.രജിത്, നിസാം പിന്നെ ഞാനും.
അങ്ങിനെ
ഫെബ് 25നു രാവിലെ 5 മണിക്ക് കോഴിക്കോട്ന്നു, ആനക്കാംപൊയിൽ ലക്ഷ്യമാക്കി
ഞങ്ങൾ 9 പേർ യാത്ര ആരംഭിച്ചു. ഇത്തവണ പുതുമുഖങ്ങളായി ആരും തന്നെ ഇല്ല.
എല്ലാരും എന്റെ സുഹൃത്തുക്കൾ തന്നെ. രാജീവേട്ടനെ എങ്ങിനെയാ പരിചയപ്പെട്ടതു
എന്ന് എനിക്ക് കൃത്യമായി ഓർമ്മയില്ല. ഫേസ്ബുക്കില് രാജീവ് നെല്ലായി എന്ന
പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. എനിക്കാദ്യം അദ്ദേഹം തമിഴനാണോ,
അതോ മലയാളിയാണോ എന്നൊരു കൺഫ്യൂഷൻ ഉണ്ടായിരുന്നു. ഇതിനു മുൻപ് അദ്ദേഹം
എന്റെ കൂടെ തടിയന്റമോൾ, കുദ്രെമുഖ്, ഗോകര്ണ, നാഗാലാ ഒക്കെ വന്നിട്ടുണ്ട്.
അദ്ദേഹത്തിന്റെ കൂടെ ഞാൻ നാമക്കലിൽ കൊല്ലിമല ഒരിക്കൽ പോയിട്ടുണ്ടുതാനും.
പണ്ടൊരിക്കൽ കുമാരപർവത ട്രെക്കിലേക്ക് കുമാർ ഉപാസന റെഫർ ചെയ്ത കക്ഷിയാണ്
ഷമീർ. പക്ഷെ ആ ട്രെക്ക്നു ലാസ്റ് നിമിഷത്തിൽ അദ്ദേഹം പിന്മാറുകയാണ്
ചെയ്തത്. അതിനു ശേഷം നീലഗിരി റെയിൽ ട്രെക്ക്, ബൻന്ധാജെ ഫാൾസ്, നാഗാലാ,
ഗോകര്ണ ബീച്ച്ട്രെക്ക്, കഴിഞ്ഞ മാസം പകുതിക്കു വെച്ച് മുടങ്ങിപ്പോയ
വെള്ളരിമല ട്രെക്കിനൊക്കെ എന്റെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു.
ഫെബിൻ ഷമീറിന്റെ ബന്ധു ആണ്, ഒന്ന് രണ്ടു ട്രെക്ക്കൾക്ക് കൂടെ
വന്നിട്ടുണ്ട്. അനൂപിനെ ഫേസ്ബുക്കിലൂടെ എനിക്ക് മുന്നേ അറിയാമായിരുന്നു,
നാഗാലാ ട്രെക്ക്നാണു അദേഹത്തെ ആദ്യമായി കണ്ടത്. കുദ്രെമുഖ് ട്രെക്ക്
പോകുമ്പോൾ കോഴിക്കോട് വെച്ചാണ് രവിയേട്ടനെ ആദ്യമായി കാണുന്നത്. അന്ന് ഒരു
ലുങ്കിയും ഒരു കറുപ്പ് ടി ഷർട്ടുമായിരുന്നു വേഷം, കണ്ടാൽ ഒരു ഡോക്ടർടെ
ലുക്ക് ഒന്നുമില്ലായിരുന്നു. ലിന്റോ ആദ്യമായി വരുന്നത് കുമാര പർവത
ട്രെക്കിനാണ്, അതിനു ശേഷം ഞങ്ങളൊരുമിച്ചു കുറെ ട്രെക്ക് പോയിട്ടുണ്ട്. ഡോ
രജിത് എന്റെ ഫേസ്ബുക് ഫ്രണ്ടാണ്, പണ്ട് ഞങ്ങൾ ഒരുമിച്ചു മലക്കപ്പാറ -
കപ്പായം ട്രെക്കിനു പോയിരുന്നു. പിന്നെ നിസാം, അദ്ദേഹത്തെ ഞാൻ ആദ്യമായി കാണുന്നത് YHAI ടെ പറമ്പിക്കുളം നേച്ചർ ക്യാമ്പിൽ വെച്ചായിരുന്നു. അദ്ദേഹം, അതിനു ശേഷം എന്റെ കൂടെ അഗസ്ത്യാർകൂടമൊക്കെ വന്നിട്ടുണ്ട്.
രാവിലെ
ഒരു 6 മണിയോടുകൂടി ഞങ്ങൾ ആനക്കാംപൊയിൽ അങ്ങാടിയിലെത്തി. ഞങ്ങൾടെ ഗൈഡ്,
അദ്ദേഹം അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. ചപ്പാത്തിയും, ഗ്രീൻപീസ്
കറിയും ബ്രേക്ക് ഫാസ്റ്റിനും, ലഞ്ചിനും ആയി ഹോട്ടലിൽ നിന്ന് വാങ്ങിച്ചു.
പിന്നെ അവിടെ അടുത്തുള്ള ഒരു വീട്ടിൽ കാർ പാർക് ചെയ്ത ശേഷം ഗൈഡ്
ഏർപ്പാടാക്കിയ ജീപ്പിൽ കേറി ട്രെക്ക് തുടങ്ങുന്നിടത്തേക്കു വെച്ച്
പിടിച്ചു.
അങ്ങിനെ
രാവിലെ ഒരു 7:15 ഓടെ ട്രെക്ക് തുടങ്ങി. വിശക്കാൻ തുടങ്ങിയപ്പോൾ
എന്തെങ്കിലും കഴിച്ചിട്ടാകാം ഇനി നടത്തം എന്ന് തീരുമാനിച്ച്, ആദ്യം കണ്ട
അരുവിയുടെ കരയിൽ ഹാൾട് പറഞ്ഞു. പക്ഷെ പണി പാളി !! പകുതി വെന്ത ചപ്പാത്തി!!
എങ്ങിനെയൊക്കെയോ ഒരെണ്ണം കഴിച്ചെന്നു വരുത്തി വീണ്ടും യാത്ര തുടർന്നു.
അതിനിടക്ക് അനൂപിന്റെ കയ്യിൽ ഒരു തേനീച്ച വന്ന് ഇരുന്നു. അവനെ വിട്ടില്ല
കുറെനേരം അത്. കുറച്ചു കഴിഞ്ഞപ്പോൾ അത് പോയി, പക്ഷെ അതുവരെ പുള്ളി
കയ്യനക്കാതെയാണ് നടന്നത്. ഒലിച്ചുചാട്ടം ഫാൾസ്ന്റെ അവിടെയായിരുന്നു
ഞങ്ങളുടെ അടുത്ത ബ്രേക്ക്. മഴക്കാലത്തു ഫാൾസ് കാണാൻ ആൾക്കാർ ധാരാളം വരുന്ന
സ്ഥലമാണ്. ഇപ്പൊ പേരിനു മാത്രം കുറച്ചു വെള്ളം ഒലിക്കുന്നുണ്ട്.
ഒലിച്ചുചാട്ടം ഫാൾസ്.
അവിടന്ന്
ലേശം കൂടി മേലേക്ക് കേറി ഏകദേശം ഒരു 30 മിനിറ്റു കൂടി നടന്നു ഒരു
ഫാൾസ്ന്റെ ഒത്ത മോളിൽ എത്തി ഞങ്ങൾ. ഈ സ്ഥലത്തിന്റെ വിളിപ്പേരാണത്രെ ദാമോദരൻ
കൊല്ലി. അവിടെ ഞങ്ങൾ ഒരു 20 മിനിറ്റു റസ്റ്റ് ചെയ്തു. ചിലരൊക്കെ കുളിച്ചു.
വെള്ളത്തിന്റെ തണുപ്പ് അപാരം തന്നെയാണ് ഇവിടെ !!
ദാമോദരൻ കൊല്ലി
പിന്നെ
വീണ്ടും നടക്കാൻ തുടങ്ങി. കയറ്റം കുറച്ചു കഠിനമായിത്തുടങ്ങിയിരുന്നു
എല്ലാർക്കും. ഡോ.രവിയേട്ടൻ മാത്രം ഗൈഡിന്റെ കൂടെ വാണം വിട്ട സ്പീഡിലാണ്
പോയിക്കൊണ്ടിരുന്നത്. അത്യാവശ്യം സ്പീഡിൽ തന്നെയാണെന്നു ഞങ്ങൾ ബാക്കി
എല്ലാരും നടന്നിരുന്നത് താനും. പണ്ട് തേനീച്ച ആക്രമിച്ച സ്ഥലം ഏകദേശം
അടുത്തെത്തി. അന്ന് തേനീച്ച കുത്തിയപ്പോൾ ഓടിയ ഓട്ടം!! എനിക്ക് തന്നെ
വിശ്വസിക്കാൻ പറ്റുന്നതായിരുന്നില്ല. ഒരടി മുന്നോട്ടു വെക്കാൻ പറ്റാതെ
കഷ്ടപ്പെട്ടാണ് അന്ന് കയറ്റം കേറികൊണ്ടിരുന്നത്. പക്ഷെ തേനീച്ച
ആക്രമിച്ചപ്പോൾ ഞാൻ ഓടിയ ഓട്ടം, സ്ലൈഡിങ് എല്ലാം ഒരു ഹോളിവുഡ് ഫിലിമിലെ
സീൻ പോലെയായിരുന്നു എന്നാണ് പിന്നിൽ എല്ലാം കണ്ടു നിന്നവർ പറഞ്ഞത്. ലേശം
പിന്നിൽ ആയി വന്നവർക്കൊന്നും ഞാൻ എന്തിനാണ് ഓടുന്നത് എന്ന് കൂടി
മനസ്സിലായിരുന്നില്ലാത്രേ!! ഇത്തവണ ഒഴിഞ്ഞ തേനീച്ച കൂടാണ് അവിടെ കണ്ടത്.
നടവഴിയുടെ തൊട്ടടുത്തു തന്നെയായിരുന്നു ആ കൂട്. ഞങ്ങൾക്ക് മുൻപേ ഇതുവഴി പോയ
ആരോ ആ കൂടിന്റെ അടിഭാഗം ചെത്തിയെടുത്തു വേറെയൊരു മരത്തിന്റെ മേലെ
വെച്ചിരിക്കുന്നത് കണ്ടു. കഴിഞ്ഞ തവണ തേനീച്ച കുത്താനുണ്ടായ
കാരണം എന്താണെന്ന് ഇപ്പോഴും ഒരു പിടിയുമില്ല.

ഞങ്ങൾ
വീണ്ടും മേലേക്ക് കേറിക്കൊണ്ടേയിരുന്നു. അതിനിടക്ക് നാട്ടുകാർ 2 പേർ കേറി
വരുന്നുണ്ടായിരുന്നു. ആദ്യം ലിന്റോ അവർക്കു സൈഡ് കൊടുത്തില്ല. പിന്നെ അവർ
സൈഡ് ചോദിച്ചു വാങ്ങി ഞങ്ങളെ ഓവർടേക് ചെയ്ത് പോയി. അങ്ങിനെ കേറി കേറി ഞങ്ങൾ
എല്ലാരും മേലെ നിരപ്പിലെത്തി. വെള്ളരിമല ടോപ് എന്നാണു ആ നിരപ്പിനു
പറയുന്നതത്രെ. അവിടെ ഒരു അര മണിക്കൂർ വിശ്രമിച്ചു. ഉച്ചഭക്ഷണത്തിന്റെ
സമയമായപ്പോൾ, വീണ്ടും ഒരു ചപ്പാത്തി കൂടി എടുത്തു കഴിച്ചു.
നിരപ്പിൽ
എത്തിയപ്പോഴേക്കും നല്ല ആനച്ചൂര് അടിച്ചു തുടങ്ങിയിരുന്നു. വീണ്ടും ഒരു 20
മിനുട്ടു കൂടി നടന്നു കഴിഞ്ഞപ്പോൾ "കേതൻ പാറ" ലെത്തിച്ചേർന്നു. ഫോണി
നൊക്കെ സിഗ്നൽ വരുന്ന സ്ഥലമായിരുന്നു. കേതൻ
പാറയുടെ അവിടന്ന് നോക്കിയാൽ കുറച്ചകലെയായി നമുക്ക് REC പാറ കാണാം. REC
പാറയിലാണ് ക്യാമ്പ് സൈറ്റ് ആയി തീരുമാനിച്ചിരുന്നത്. അവിടേക്കു
പോകുന്നതിന്റിടക്കു വീണ്ടും ഭയങ്കരമായി ആനച്ചൂര് അടിക്കാൻ തുടങ്ങി.
നടക്കുന്നതിന്റെ താഴെ ഒക്കെ മുളം കാടുകളായിരുന്നു, ആന അടുത്ത് നിന്നാൽ കൂടി
കാണില്ല. ഇടയ്ക്കു ആന ഉണ്ടോ ഇല്ലയോന്നു ഉറപ്പു വരുത്തിയതിനു ശേഷം
മാത്രമാണ് ഞങ്ങൾ മുന്നോട്ട് നടന്നത്.
കേതൻ പാറ
അങ്ങിനെ
വൈകുന്നേരം 3 മണിയോടെ REC പാറ എത്തിച്ചേർന്നു. പണ്ട് REC (റീജിയണൽ കോളേജ്
ഓഫ് എഞ്ചിനീറിങ്, കാലിക്കറ്റ്)ലെ പയ്യൻസ് ഇവിടെ വന്നു ഇടയ്ക്കു ക്യാമ്പ്
ചെയ്യാറുണ്ടായിരുന്നത്രെ. അങ്ങിനെ വന്ന പേരാണ് REC പാറ. നല്ല നിരന്ന
കുന്നിൻ പുറമാണ് ഈ ക്യാമ്പ് സൈറ്റ്. വറ്റാത്ത ഒരു ചെറിയ ഉറവയും ഇവിടെ
ഉണ്ട്. ഇപ്പൊ വെള്ളം കുറവാണ്, പക്ഷേ മൃഗങ്ങൾ ഒക്കെ വെള്ളം കുടിക്കാൻ
വന്നതിന്റെ കാല്പാടുകൾ അവിടവിടെയായി ഉണ്ട്. REC പാറയുടെ ഒരു വശം ചതുപ്പു
പോലെ ഉള്ള സ്ഥലമാണ്. വാവുൽ മലക്കും, കേതൻ പാറക്കും, മസ്തകപ്പാറക്കും ഒക്കെ
ഇടക്കാണ് REC പാറയുടെ കിടപ്പ്. ഗൈഡിന് അപ്പൊത്തന്നെ
വാവൽ മല കേറിയാൽ കൊള്ളാം എന്നുണ്ടായിരുന്നു. പക്ഷേ ഞാൻ പറഞ്ഞു നാളെ മതി
എന്ന്. അതിനിടക്ക് ഞങ്ങൾ ഇരിക്കുന്നതിന്റെ അടുത്ത മലയിൽ ആന മരം ഒടിക്കുന്ന
ശബ്ദം കേട്ടു. എല്ലാരും കാര്യമായി അങ്ങോട്ടു ശ്രദ്ധിക്കാൻ തുടങ്ങി. മരം
അനങ്ങുന്നതൊക്കെ കണ്ടു, പക്ഷേ ആനയെ ഒന്നും ശരിക്കും കാണാന് പറ്റിയില്ല.
അതിനിടക്ക് ഷമീർ പറഞ്ഞു ആനയുടെ തുമ്പിക്കൈ കണ്ടെന്ന്. അപ്പൊത്തന്നെ
ഞങ്ങളുടെ ഗൈഡും, മൂപ്പർടെ അസ്സിസ്റ്റന്റും, ഞങ്ങളെ ഓവർ ടേക്ക് ചെയ്തു കയറിയ
രണ്ടു നാട്ടുകാരും (സന്തോഷ്, ജംഷീർ) ഇവർ 4 പേരും ചേർന്ന് ആനയെ നോക്കാൻ
പോയി.
പക്ഷെ
അവർക്കും ആനയെ ഒന്നും കാണാൻ പറ്റിയില്ല എന്നു തോന്നുന്നു. ഒരു 4 മണിയോടെ
അവർ നാലു പേരും തിരിച്ചു വന്നു. മടങ്ങി വന്ന അവരോട് ലിന്റോ ചോദിച്ചു,
"നിങ്ങളിങ്ങു പോന്നു അല്ലെ?" എന്ന്.
അപ്പൊ അവർ പറഞ്ഞു, "ചെറിയ ഒരു പേടി തോന്നിയത്രേ, മുന്നിൽ പെടുമോ എന്ന്.
അവിടെ ഓടി മാറാൻ പറ്റിയ സ്ഥലവുമല്ല. ഈ ഏരിയയിൽ ഇവിടെ മാത്രമേ വെള്ളം ഉള്ളൂ,
രാത്രി വെള്ളം കുടിക്കാൻ REC പാറയിൽ വരാൻ ചാൻസ് ഉണ്ടെന്നും അവർ പറഞ്ഞു".
അത് കേട്ട ലിന്റോ ക്യാമ്പ് സൈറ്റിന്റെ ചുറ്റും തീ ഇടാം എന്ന് പറഞ്ഞു. ഉടനെ രാജീവേട്ടന്റെ കമന്റ്, "ആനയെ പേടിയുണ്ടേൽ നമ്മൾ അങ്ങ്
കിടന്നുറങ്ങിയാൽ മതിയെന്നേ" എന്ന്. അതിന്റെ ഇടയ്ക്കു ആന
ഒന്ന് ചിഹ്നം വിളിച്ചു, ഞങ്ങൾ പറയുന്നതൊക്കെ മൂപ്പർ
കേൾക്കുന്നുണ്ടെന്ന അർത്ഥത്തിൽ. ആന, കടുവ, കാട്ടുപോത്തു(കാട്ടി)
ഇതൊക്കെയാണ് ഇവിടെ ഉള്ള മൃഗങ്ങൾ എന്ന് ഗൈഡ് പറഞ്ഞു. കൂടാതെ അവർ ആനയെ
അടുത്ത് കാണാൻ പോയപ്പോൾ, അകലെ നിന്ന് കടുവ കാറുന്നതിന്റെ ശബ്ദം കേട്ടത്രേ!!
REC പാറയുടെ അവിടന്ന് ഒരു 45 മിനിറ്റ് നടന്നാൽ ഒരു തടാകം ഉണ്ട്. ആ സൈഡിൽ
നിന്നാണത്രെ ശബ്ദം കേട്ടത്.
















വെയിൽ
ഒന്നാറിയപ്പോൾ ഗൈഡും, സഹായികളും രാത്രിയിലേക്കുള്ള കഞ്ഞിവെപ്പ് തുടങ്ങി.
ഞങ്ങളിൽ ചിലർ ക്യാമ്പ്ഫയറിനുള്ള വിറകു പെറുക്കാൻ അടുത്തുള്ള
കുറ്റിക്കാട്ടിലേക്ക് കേറി. ആദ്യം എല്ലാരും സഹകരിച്ചില്ല, അതിനാൽ
ആവശ്യത്തിനുള്ള വിറകു കിട്ടിയില്ല. വീണ്ടും ഒരു വട്ടം കൂടി എല്ലാരും
ഉത്സാഹിച്ചിറങ്ങി. പക്ഷെ അപ്പോഴേക്കും ഏകദേശം നേരം ഇരുട്ടിയിരുന്നു.
കാര്യമായി തടി ഒന്നും കിട്ടിയില്ല. അപ്പോഴാണ് ക്യാമ്പ് സൈറ്റിന്റെ അടുത്ത്
മുക്കാലും ഉണങ്ങിയ ഒരു ചെറിയ മരം കണ്ടത്. ഉടനെ ഞങ്ങൾ എല്ലാരും കൂടി ചേർന്ന്
പിടിച്ച് ആ മരം മറിച്ചിട്ടു. മരം വീണതിന് ശേഷം ഗൈഡ് പറഞ്ഞു, അവർ എല്ലാ
പ്രാവശ്യവും ഈ മരം തള്ളി മറിക്കാൻ നോക്കാറുണ്ടായിരുന്നത്രെ, പക്ഷെ
ഇത്തവണയാണ് സംഭവം മറിഞ്ഞു കിട്ടിയതെന്നു. പിന്നെ ലിന്റോയുടെ നേതൃത്വത്തിൽ
വിറകെല്ലാം അടുക്കിവെച്ച് ക്യാമ്പ് ഫയർ സെറ്റ് ചെയ്തു. അപ്പോഴേക്കും കഞ്ഞി
തയ്യാറായിട്ടുണ്ടായിരുന്നു, ഉള്ളിക്കൂട്ടാൻ കൂട്ടി എല്ലാരും കഞ്ഞി
കുടിച്ചു. സ്പൂൺ കൊണ്ടുവരാത്തവരൊക്കെ, എന്തോ ഇല പൊട്ടിച്ചു ചെറിയ
കുമ്പിള്(പ്ലായില പോലെ) കുത്തി കഞ്ഞി കുടിച്ചു.
ക്യാമ്പ് ഫയർ
പിന്നെ
ക്യാമ്പ് ഫയർ ആരംഭിച്ചു. രാജീവേട്ടൻ കുറെ നാളായി ഉള്ളില്‍ കൊണ്ട്
നടക്കുന്ന ആഗ്രഹം - കന്യാകുമാരി ടു കാശ്മീർ ബൈക്ക് ട്രിപ്പ്, നിസാമിന്റെ
പ്രേമ വിവാഹം, സ്കൂൾ കാല പ്രണയത്തിന്റെ ആവശ്യകത, ന്യൂ-ജെൻ പ്രണയബന്ധങ്ങൾ
നേരെ ശാരീരിക ബന്ധങ്ങളിൽ ചെന്നെത്തുന്നുവോ, ട്രെകിന് കൂടെ പെൺകുട്ടികൾ
ഉണ്ടെങ്കിൽ അതിന്റെ ബെനിഫിറ്റ്‌സ് എന്തൊക്കെ? ഇങ്ങനെ കുറെ വിഷയങ്ങൾ ചർച്ച
ചെയ്യുകയുണ്ടായി. കൂടാതെ സ്വയം പരിചയപെടുത്തലുകൾ, നിസാമിന്റെ ഗാനാലാപനം
അങ്ങിനെ നേരം പോയതറിഞ്ഞില്ല. അതിനിടക്ക് ഇവിടെ ഇപ്പൊ കഞ്ചാവ് കൃഷി ഉണ്ടോ
എന്ന് ആരോ ഗൈഡിനോട് ചോദിച്ചു. ഇല്ല എന്നാണ് വിശ്വാസം എന്നായിരുന്നു മറുപടി.
ഇനി ആരും അറിയാതെ നടത്തുന്നുണ്ടെങ്കിൽ ഉണ്ടെങ്കിൽ, അതവരുടെ മിടുക്ക്
അല്ലാതെന്താ. പണ്ട് കഞ്ചാവ് കൃഷി ചെയ്തിരുന്ന സ്ഥലത്തൊക്കെ പോയിട്ടുണ്ട്
എന്നും കൂടി പറഞ്ഞു അദ്ദേഹം.
ഇവിടെ മാവോയിസ്റ് ഉണ്ടോ എന്ന ചോദ്യത്തിന് അദ്ദേഹം പറഞ്ഞത് "ഇതുവരെ
റിപ്പോർട്ട് ചെയ്തിട്ടില്ല എന്നാണ്, ഉണ്ടോ എന്നന്വേഷിക്കാനായി ഉദ്യോഗസ്ഥർ
ഇടയ്ക്കു വരാറുണ്ടത്രെ". ഏകദേശം 8:30 ഓടെ ക്യാമ്പ് ഫയർ അവസാനിപ്പിച്ച്
എല്ലാരും ഉറങ്ങാൻ കിടന്നു.
അപ്പോഴാണ് ആകാശത്തു ചന്ദ്രൻ ഉദിച്ചു വരാൻ തുടങ്ങിയത്. കഠിനമായ
ട്രെക്കിന്റെ ക്ഷീണത്തിൽ എല്ലാരും പെട്ടെന്ന് ഉറങ്ങിപ്പോയി എന്നു
തോന്നുന്നു. ഒരു 11 മണിയോടു കൂടി ഞാൻ എണീറ്റ് ക്യാമ്പ്ഫയറിലേക്ക് വിറകുകൾ
കൂട്ടി ഇട്ടു, പിന്നെ രാത്രി ഒരു 2 മണിക്ക് ലിന്റോനെ എഴുന്നേൽപ്പിച്ചു
വീണ്ടും ക്യാമ്പ്ഫയറിലേക്കു വിറകു ഇടീപ്പിച്ചു. പിന്നെ ഒരു 4 മണി സമയത്തു
നിസാമിനെ എഴുന്നേൽപ്പിച്ചു വിറകു ഇടീപ്പിക്കാനുള്ള എന്റെ ശ്രമത്തെ
അതിജീവിച്ചു അദ്ദേഹം തിരിഞ്ഞു കിടന്നുറങ്ങി.
കാലത്തു
6 മണിക്കു എല്ലാരും എഴുന്നേറ്റു. ഗൈഡ് കഞ്ഞിക്ക് അരി അടുപ്പത്തു വെച്ചു.
കൃത്യം 7 മണിക്കു തന്നെ ട്രെക്ക് തുടങ്ങി. ചെറിയ കുറ്റിക്കാട്ടിലൂടെയും,
ഈറ്റക്കാട്ടിലൂടെയുമൊക്കെ ഇരുന്നും, കുനിഞ്ഞും കിടന്നുമൊക്കെയാണ് കേറിയത്.
അത്യാവശ്യം സ്പീഡിൽ തന്നെയാണ് എല്ലാവരും നടന്നത്. ഇടയ്ക്കു ഒരു സ്ഥലത്ത്
ചൂട് ആനപിണ്ഡം കണ്ടു.


ക്യാമ്പ്
സൈറ്റിൽ നിന്നും ഏകദേശം 50 മിനിറ്റു നടന്നപ്പോഴേക്കും വാവൽ മലയുടെ മേലെ
എത്തിച്ചേർന്നു. വാവൽ മല വയനാടിന്റെ ഭാഗമാണത്രെ, താഴെ REC പാറ ഒക്കെ
കോഴിക്കോടിന്റെ ഭാഗവും.


വാവൽ മലയിലെ കിടങ്ങ്
മസ്തകപ്പാറ
മലമേലെ
നീളത്തിൽ ഒരു ചെറിയ കിടങ്ങുണ്ട്, പാറകൾക്കിടയിൽ ഒരു പിളർപ്പ്. കാലു തെറ്റി
താഴെ വീണാൽ, പുറത്തേക്കെടുക്കാൻ എളുപ്പമല്ല. കൂട്ടത്തിൽ ചിലരൊക്കെ
അതിലേക്കു കല്ല് ഇട്ടുനോക്കി. ഒരു 4-5 സെക്കന്റോളം കല്ല് വശങ്ങളിൽ തട്ടി
തട്ടി താഴേക്കു വീഴുന്നതിന്റെ ഒച്ച കേൾക്കാൻ കഴിഞ്ഞു.
അനൂപ്, ഡോ.രജിത്, ഞാൻ, നിസാം, രാജീവ്, ലിന്റോ, ഡോ.രവി, ഫെബിൻ, പിന്നെ ഷമീർ.


















ഒരു
ഗ്രൂപ് ഫോട്ടോ എടുത്ത ശേഷം മലയിറങ്ങാൻ തുടങ്ങി. തിരിച്ചു പോരുന്ന
വഴിക്കു ഈറ്റക്കാട്ടിനുള്ളിൽ ഷമീറിന്റെ ഹൈഡ്രേഷൻ ബ്ലാഡറിന്റെ ബിറ്റ് വാൽവ്
പോയി. ഞാനും അദ്ദേഹവും കൂടി അരിച്ചു പെറുക്കി അവിടെയൊക്കെ. അവസാനം ഷമീറിന്
തന്നെ സാധനം കിട്ടി. തിരിച്ചിറങ്ങുമ്പോൾ ചെറുതായൊന്നു വഴി തെറ്റി. 10-15
മിനിറ്റ് അതിലേം ഇതിലേം ഒക്കെ നടന്നു. പിന്നെ ശരിക്കുള്ള വഴിയിൽ
എത്തിച്ചേർന്നു.
REC പാറ - ഒരു വിദൂര ദൃശ്യം
ക്യാമ്പിംഗ് സൈറ്റില് തിരിച്ചെത്തിയപ്പോൾ സമയം 9:40 ആയിരുന്നു. അടുപ്പിലെ തീ കെട്ടു പോയതിനാൽ, കഞ്ഞി തിളച്ചിരുന്നില്ല. കഞ്ഞികുടി കഴിഞ്ഞപ്പോഴേക്കും സമയം 10:45 ആയി. പിന്നെ ആവശ്യത്തിന് വെള്ളം ഒക്കെ കുപ്പിലാക്കീട്ട് മലയിറങ്ങാൻ തുടങ്ങി.



ഓറഞ്ച് ബെറി
ഇറക്കം
ഇറങ്ങുമ്പോൾ അനൂപ് സ്ലോ ആയി തുടങ്ങി. അവസാനം ഞാനും, അവനും മാത്രം ഏറ്റവും
പിന്നിലായി. പിന്നെ ഗൈഡിന്റെ അസ്സിസ്റ്റന്റും ഞങ്ങളുടെ കൂടെ കൂടി.
കുറച്ചുനേരം അനൂപിന്റെ ബാഗ് ഞാൻ എടുത്തു നടന്നു. മുന്നോട്ടു ചെന്നപ്പോൾ
ഗൈഡ് ഞങ്ങൾക്കായി വഴിയിൽ വെയിറ്റ് ചെയ്യുന്നുണ്ടായിരുന്നു. ശേഷം അനൂപിന്റെ
ബാഗ് ഗൈഡിനെ കൊണ്ട് എടുപ്പിച്ചു. വലിയ ഇറക്കമൊക്കെ കഴിഞ്ഞു താഴെ എത്തി
ഞങ്ങൾ. അവിടെവച്ച് അനൂപിന്റെ രണ്ടു കാലിലും ക്നീ ക്യാപ് ഐറ്റംസ് ഒക്കെ
ഇടുവിച്ചു കൊടുത്തിട്ടു പതുക്കെ നടന്നു എങ്ങിനെയെങ്കിലും താഴെ എത്തണമെന്ന്
പറഞ്ഞു.








അങ്ങിനെ ഒരു 4 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ കാടിന്റെ പുറത്തെത്തി.
കൊറച്ചു ദൂരം പഞ്ചായത്തു റോഡിലൂടെയാണ് നടന്നത്. വഴിയിൽ ചെറിയ ഞാവൽപഴം
(ഉണക്കമുന്തിരി സൈസിലുള്ളത്) വീണുകിടക്കുന്നുണ്ടായിരുന്നു. എല്ലാവരും
ആവശ്യത്തിന് പെറുക്കി എടുത്തു തിന്നു. അടുത്ത് കണ്ട അരുവിയിൽ ചിലരൊക്കെ
ചെറുതായി തല നനച്ചു, പിന്നെ ജീപ്പിൽ കേറി കാർ പാർക്ക് ചെയ്ത സ്ഥലത്തേക്ക്
പോയി. ഗൈഡിനോട് യാത്ര പറഞ്ഞു കാറിലേക്ക് കേറി. അടുത്ത ലക്‌ഷ്യം "സ്റ്റാർ
ഹോട്ടൽ, മുക്കം" ആയിരുന്നു. വളരെ നല്ല മസാലദോശ, എല്ലാവരും മൂക്കുമുട്ടെ കഴിച്ചു. ശേഷം, അടുത്ത ട്രെക്കിനു വീണ്ടും കണ്ടുമുട്ടാം എന്ന ഉറപ്പോടെ
ഓരോരുത്തരും പല വഴിക്കായി ഉപചാരം ചൊല്ലി പിരിഞ്ഞു.
No comments:
Post a Comment