പറമ്പിക്കുളം

വളരെ നാളായിട്ടുള്ള എന്റെ ആഗ്രഹമായിരുന്നു പറമ്പിക്കുളത്തേക്കു ഒന്ന് പോകണമെന്ന്. അവിടെ ഇകോ ടൂറിസം സെന്റെര്‍ ആരംഭിച്ച സമയത്ത്, കുറെ ട്രെക്കിംഗ് പാക്കേജുകള് ഒക്കെ ഉണ്ടായിരുന്നെങ്കിലും, പിന്നെ അവിടം ടൈഗര്‍ റിസേര്‍വ് ആക്കിയതിന് ശേഷം അതിനൊക്കെ വളരെ നിയന്ത്രണം വന്നു. പണ്ട് കാശും, കള്ളും കൊടുതതാല്‍ ഗാര്‍ഡുമാരും,വാച്ചര്‍മാരുമൊക്കെ വളയുമായിരുന്നത്രെ, ഇതൊരു കേട്ടുകേള്‍വി മാത്രമാണ്, സത്യമാണെന്ന് വിശ്വസിക്കുന്നു. പക്ഷെ ഇപ്പൊ ഒന്നും നടക്കില്ല, ഭയങ്കര സ്ട്രിക്റ്റ് ആണവിടെ. അങ്ങിനെ ഇരിക്കുമ്പോഴാണ് ഫേസ് ബുക്കില്‍ YHAI മലപ്പുറം യൂണിറ്റിന്റെ “പറമ്പികുളം പ്രകൃതിപഠന” യാത്രയെക്കുറിച്ചുള്ള പോസ്റ്റ് കാണുന്നത്. ഉടനെ അതിന്റെ സംഘാടകനായ ഷാഹുല്‍ ഹമീദിനെ വിളിച്ചു, ടീമില് ഇടം നേടുകയും, അഡ്വാന്സ് 500 രൂപ ബാങ്കിലിടുകയും ചെയ്തു.

ഓഫീസില്‍ ഇഷ്ടംപോലെ പണി ഉള്ള സമയമാണ്, മേനേജരോട് ചോദിച്ചു ലീവ് വാങ്ങീട്ടു പോകാന്‍ എന്തായാലും പറ്റില്ല, ഒരു ട്രെക്കിംഗ് ചാന്‍സ് മിസ്സ് ചെയ്യാനും വയ്യ. അവസാനം പോകാന്‍ തന്നെ തീരുമാനിച്ചു, ലീവ് വേണ്ട ദിവസം കാലത്ത് സുഹൃത്തിനെക്കൊണ്ട് എനിക്ക് വയറു വേദനയാണെന്ന് പറഞ്ഞു, എന്റെ ഇമെയില്‍ അഡ്രെസ്സില്‍ നിന്ന് മാനേജര്‍ക്ക് ഇമെയിലയപ്പിക്കാം, ആദ്യം ഒരു നാളേക്ക് വരില്ലെന്നും പിന്നെ അത് രണ്ടു നാളേക്കാക്കി മാറ്റാമെന്നുമായിരുന്നു എന്റെ പ്ലാന്‍.

അങ്ങിനെ ഒരു വെളുപ്പാന്‍കാലത്ത് (24 ഫെബ് 2013) ഞാന്‍ പാലക്കാട് ട്രയിനിറങ്ങി. സാധാരണ സ്റ്റെഷനില്‍ തന്നെയാണ് കുളിയും, തേവാരമൊക്കെ പതിവ്. പക്ഷെ അന്ന്, അവിടെ അടുത്തുള്ള എന്റെ കസിന്റെ വീട്ടിലേക്കു പോയി. ഒന്ന് ഫ്രഷ് ആയി, ചായയൊക്കെ കുടിച്ചു അല്പനേരം കൊച്ചു വര്‍ത്തമാനങ്ങളൊക്കെ പങ്കുവെച്ചു. ഏകദേശം 7 മണിയോടെ പാലക്കാട് KSRTC ബസ് സ്റ്റാന്‍ഡിലെത്തി. സംഘാടകനെ ഫോണില്‍ വിളിച്ചിട്ട് കിട്ടുന്നില്ല സ്വിച്ച്‌ഡ്‌ ഓഫ്..., ബസ് സ്റ്റാന്‍ഡില്‍ ട്രെക്കിങ്ങിനു പോകുന്നമാതിരി ഭാണ്ടക്കെട്ടുള്ള ഒരുത്തനെയും കാണാനുമില്ല. ഞാന്‍ പരിചയമുള്ള ഒന്ന് രണ്ടു ട്രെക്കേഴ്സ്ന്റെ നംബറുകളില്‍ വിളിച്ചു നോക്കി, ഒരു 5 മിനുട്ട് അവിടെയൊക്കെ ഒന്ന് കറങ്ങി. ആകെ പരിഭ്രമമായി, അവരൊക്കെ ബസ് കേറിപ്പോയോ?, അല്ലെങ്കില്‍ അടുത്ത ബസ് പിടിച്ചു നേരെ പറമ്പിക്കുളത്തേക്ക് വിട്ടാലോ?, അതുമല്ലെങ്കില്‍ നേരെ എന്റെ വീട്ടിലേക്കു പോയാലോ? എന്നിങ്ങനെ പല ചിന്തകള്‍ മനസ്സിലൂടെ മാറിമറിഞ്ഞു.

അങ്ങിനെയിരിക്കുമ്പോള്‍ ഒരു കൂട്ടം ആള്‍ക്കാരെ കണ്ടു, അവരോട് “ട്രെക്കിങ്ങിനു പോകാന്‍ എത്തിയതാണോ?" എന്ന് ചോദിച്ചപ്പോള്‍, അതെ എന്ന്. ആകെ മൂഡ് ഓഫായിയിരുന്ന ഞാന്‍ പെട്ടെന്ന് നവോന്‍മേഷനായി. 8 മണിടെ KSRTC ബസിനു ഞങ്ങള്‍ യാത്ര ആരംഭിച്ചു. പറമ്പിക്കുളം കേരളത്തിന്റെ ഭാഗമാണെങ്കിലും അവിടേക്കു പോകണമെങ്കില്‍ തമിഴ്ട്ടിനാട്ടിലെ പൊള്ളാച്ചി വഴി പോകണം. കേരളത്തില്‍ നിന്ന് നേരിട്ട് ഒരു റോഡ് വെട്ടാന്‍ പ്ലാനൊക്കെ ഉണ്ടായിരുന്നെങ്കിലും അതൊന്നും എവിടം വരെയും എത്തിയിട്ടില്ല.

വരുന്ന വഴിക്ക് പൊള്ളാച്ചിയില്‍ ബസ് 5 മിനുട്ട് നിര്‍ത്തുകയുണ്ടായി. പൊള്ളാച്ചി വിട്ടതിനു ശേഷം കുറെ ദൂരം തമിഴ് ഗ്രാമങ്ങളിലൂടെയാണ് ബസ് പോയിക്കൊണ്ടിരുന്നത്. പിന്നെ മലകളും, കുന്നുകളും, ചുരങ്ങളും, ഹെയര്‍ പിന്‍ വളവുകളുമൊക്കെ കണ്ടു തുടങ്ങി. പറമ്പിക്കുത്തേക്ക് കടക്കുന്നതിനുമുമ്പ് തമിഴ് നാട്ടുക്കാരുടെ “ആനമലൈ വൈല്‍ഡ് ലൈഫ് സാഞ്ച്വറി കണ്ടു, അതിനടുത് തന്നെയാണ് ടോപ്സ്ലിപ് എന്ന് പറയുന്ന സ്ഥലവും. അവിടെ താമസിക്കാന്‍ ഗസ്റ്റ് ഹൌസുകള്‍, ട്രക്കിങ്, ജീപ്പ് സവാരി ഒക്കെ ഉണ്ട്. കേരളത്തിന്റെ തട്ടകത്തിലെത്താന്‍ അവിടന്ന് കുറച്ചു കൂടി പോകണം. അങ്ങിനെ ഉച്ചക്ക് 12 മണിയോടുകൂടി ഞങ്ങള്‍ ആനപ്പാടി എന്ന സ്ഥലത്തെത്തി. ആനപ്പാടിയില്‍ ടൂറിസ്റ്റുകള്‍ക്ക് താമസിക്കാനായി കോട്ടേജസ്, ഡോര്‍മിറ്ററി ഒക്കെ ഉണ്ട്. ബസ് ഇറങ്ങിയതിനു ശേഷം, ഞങ്ങളെല്ലാവരും ഒന്ന് സ്വയം പരിചയപ്പെടുത്തി, പിന്നെ എല്ലാവരും ഡോര്‍മിറ്ററിയിലേക്ക് പോയി, ലഗ്ഗേജ് ഒക്കെ ഇറക്കി വെച്ച് കാന്റീനിനില്‍ നിന്ന് ഭക്ഷണം കഴിച്ചു.
IMG_3572
അടുത്ത പരിപാടി ഇകോ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിലെ ഒരുദ്യോഗസ്ഥന്‍ നടത്തുന്ന പ്രകൃതി പഠന ക്ലാസ്. ഊണൊക്കെ കഴിഞ്ഞ് ഉറക്കച്ചടവോടെ എല്ലാവരും കോണ്‍ഫറന്‍സ് ഹാളില്‍ വന്നിരുന്നു. പറമ്പിക്കുളത്തെക്കുറിച്ചും, അവിടത്തെ ജീവജാലങ്ങളെക്കുറിച്ചും വളരെ നേരം ക്ലാസ് എടുത്തു. മിക്കവാറും എല്ലാവരും തന്നെ ക്ലാസ് ശ്രദ്ധിച്ചിരുന്നു, അദ്ദേഹത്തിന്റെ ഒറ്റയാള്‍ പെര്‍ഫോമന്‍സ്സുകള്‍ അത്രയ്ക്ക് ഇന്റെറസ്റ്റിങ്ങ് ആയിരുന്നു എന്ന് വേണമെങ്കിലും പറയാം. കടുവകളെക്കുറിച്ചും, അവയുടെ ആവാസ വ്യവസ്ഥകകളെക്കുറിച്ചും, പ്രജനന രീതികള്‍, ഭക്ഷണരീതികള്‍, ടെറിട്ടറി തിരിക്കല്‍ അങ്ങിനെ കുറെ കുറെ.
സൈലന്റ് വാലിയുടെ ലോഗോയില്‍ സിംഹവാലന്‍ കുരങ്ങനെന്നപോലെ പറമ്പിക്കുളത്തിന്റെ ലോഗോയില്‍ നമുക്ക് ഒരു കാട്ടിയെ(കാട്ടുപോത്ത്) കാണാം. എന്നാല്‍ നമ്മള്‍ ബൈസന്‍ എന്ന് വിളിക്കുന്ന മൃഗമല്ല ഇതെന്നും, ഇത് ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന “പശുവിന്റെ വര്‍ഗത്തില്‍ വരുന്ന ഒന്നാണെന്നും”, ഇതിനെ ഇന്ത്യന്‍ ഗോര്‍ എന്നാണ് വിളിക്കാറ് എന്നും പറഞ്ഞു. മാത്രമല്ല ബൈസനെയും, ഇന്ത്യന്‍ ഗോറിനെയും തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാനായി ഒരു സൂത്രവും പറഞ്ഞു തന്നു, ഇന്ത്യന്‍ ഗോര്‍ കാലില്‍ വൈറ്റ് സോക്സ് ഇട്ടിരിക്കുമത്രേ.

പിന്നെ കാട്ടില്‍ ട്രെക്കിങ്ങിനു പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്, അതായത് കാട്ടില്‍ നിന്നും ഒന്നും തന്നെ എടുക്കരുത്, ചിലപ്പോള്‍ കലമാന്റെ കൊമ്പൊക്കെ കണ്ടേക്കാം പക്ഷെ എടുക്കരുതെന്ന്, അവിടെ കാണുന്ന എല്ലാത്തിനും അതിന്റേതായ ആവശ്യങ്ങള്‍ അവിടെ ഉണ്ട്, അതായത് കലമാന്റെ വീണു കിടക്കുന്ന കൊമ്പ് മൃഗങ്ങള്‍ അവയുടെ പല്ലുകള്‍ മൂര്ച്ച കൂട്ടാന്‍ ഉപയോഗിക്കുമത്രേ. അത് പോലെ തന്നെ കായ, പൂ, പഴങ്ങള്‍ ഒന്നും പറിക്കരുതെന്നും നിര്ദ്ദേശിക്കുകയുണ്ടായി.
IMG_3265IMG_3270
ക്ലാസ്സിനുശേഷം, ഒരു ചെറിയ ഈവനിംഗ് ട്രെക്കുമുണ്ടായിരുന്നു. ഏകദേശം 2 മണിക്കൂര്‍ എടുത്തു തിരിച്ചു ബേസ് ക്യാമ്പില്‍ തിരിച്ചെത്താന്‍. രാത്രി അത്താഴത്തിനു ശേഷം വീണ്ടും ഞങ്ങള്‍ സെമിനാര്‍ ഹാളില്‍ ഒത്തു ചേര്‍ന്ന്, ഒന്ന് രണ്ടു നാടന്‍ പാട്ടുകളും കവിതയുമൊക്കെ പാടി. രാത്രി കുറെ നേരം ഞങ്ങളില്‍ ചിലര്‍ പുറത്തിരുന്നു സംസാരിച്ചു. ഞങ്ങള്‍ ഇരിക്കുനതിന്റെ ചുറ്റും പുള്ളിമാനുകള്‍ മേയുന്നുണ്ടായിരുന്നു, ടോര്‍ച്ചടിച്ചു നോക്കിയാല്‍ തിളങ്ങുന്ന കണ്ണുകള്‍ കാണാമായിരുന്നു. ഇടയ്ക്കിടെ ഒരു മുഴക്കതിലുള്ള ശബ്ദവും കേള്‍ക്കുന്നുണ്ടായിരുന്നു, കൂട്ടത്തിലാരോ പറഞ്ഞു “കേഴയാണ് ആ ശബ്ദമുണ്ടാക്കുന്നതെന്ന്”.
IMG_3386
അടുത്ത നാള്‍ രാവിലെ തന്നെ കാരിയന്‍ചോല ട്രയല്‍ ആരംഭിച്ചു. ആനപ്പാടിയില്‍ നിന്ന് ആരംഭിച്ചു റോക്ക് പോയിന്റ് – കാരിയന്‍ചോല – തേക്ക് പ്ലാന്‍റേഷന് വഴി ഏകദേശം 6 kms കവര്‍ ചെയ്തതിനു ശേഷം വീണ്ടും ആനപ്പാടിയില്‍ തന്നെ തിരിച്ചെത്തുന്ന മാതിരി. നിത്യഹരിത വനമായ അവിടെ, അതി മനോഹരമായ തടാകങ്ങളും, മുളംകൂട്ടങ്ങളും, കനാലുകളെല്ലാം തന്നെ കണ്ടു.
IMG_3300
തടാകക്കരയില്‍ മാനുകളുടെ ഫ്രഷ് കാല്പ്പാടുകള്‍ അവിടവിടെയായി കുറെ ഉണ്ട്, ഞങ്ങള്‍ അവിടെ എത്തിച്ചേരുന്നതിനു തൊട്ടു മുന്പു വരെ അവര്‍ അവിടെ ഉണ്ടായിരുന്നിരിക്കാം. പ്രാതല്‍ കഴിക്കാനായി വീണ്ടും ആനപ്പാടിയിലെ ബേസ് ക്യാമ്പില്‍ തിരിച്ചെത്തി. പിന്നെ പോയത് “ആനപ്പാടി – 4000 പോയിന്റ്” ട്രയലിന്, അതും ഏകദേശം 6-7 kms കാണും. കാലത്ത് പോയത് നിത്യ ഹരിത വനങ്ങളിലൂടെയായിരുന്നെങ്കില് ഈ ട്രയല് കുറച്ചു വരണ്ട സ്ഥലങ്ങളിലൂടെയായിരുന്നു. ഞങ്ങള്‍ 2 ടീം ആയാണ് പോയത്. വേറെ വേറെ റൂട്ടില്‍, പക്ഷെ രണ്ടു പേരും വഴിക്കൊരിടത്ത് വെച്ച് ഒത്തു ചേര്‍ന്നു.
IMG_3392IMG_3427ഇടയ്ക്കു വെച്ച് കുറ്റി ചെടികള്ക്കിടയില്‍ വളരെ അടുത്തായി ഒരു വലിയ കലമാന്‍ പ്രത്യക്ഷപ്പെട്ടു, നല്ല ഹൈറ്റും വൈറ്റും ഒക്കെയുള്ളത്. പ്രത്യേകിച്ചൊന്നും സംഭവിക്കാത്തതുപോലെ പതുക്കെ ഓടിപ്പോവുകയും ചെയ്തു. ഇവിടത്തെ മൃഗങ്ങള്ക്കൊന്നും ഒരു പേടിയുമില്ല, അത് മാനായാലും മയിലായാലും, ഒരു പക്ഷെ ആരും ഉപദ്രവിക്കാതിരിക്കുന്നതിനാല്‍ ഒരു സുരക്ഷാ ബോധം അവയ്ക്ക് ഫീല്‍ ചെയ്തിരിക്കാം. ഉച്ചക്ക് ഊണിനു മുമ്പായി ഞങള്‍ ആനപ്പാടിയില്‍ തിരിച്ചെത്തി. ഉച്ചക്ക് ശേഷം ഇക്കോ ടൂറിസത്തിന്റെ വാനില്‍ സവാരിക്കിറങ്ങി, ഒരാള്‍ക്ക്‌ 150 ക. ആണെന്ന്നു തോന്നുന്നു റേറ്റ്. ഉച്ചക്കൊരു 2 മണി കഴിഞ്ഞിട്ടാണ് ഞങ്ങളിറങ്ങിയത്. ഉച്ച തിരിഞ്ഞ സമയം, ചൂടൊന്നാറിയതിനാല്‍ അനവധി മൃഗങ്ങളെ കാണാമെന്നായിരുന്നു എല്ലാവരുടെയും മനസ്സിനുള്ളില്‍.
IMG_3468IMG_3465ആദ്യം പോയത്, തുണക്കടവ് അണക്കെട്ട് കാണാന്‍. നല്ല ഭംഗിയുള്ള സ്ഥലമായിരുന്നു, അണക്കെട്ടിന്റെ അടുത്തായി, ഒരു ട്രീ ഹട്ട് കാണാം, ടൂറിസ്റ്റുകള്‍ക്കു അതില്‍ താമസിക്കണമെങ്കില്‍ മുന്കൂട്ടി ബുക്ക് ചെയ്യണം. നല്ല നിലാവൊക്കെയുള്ള ദിവസങ്ങളില്‍ തടാകത്തിന്റെ ഓരത്തോട് ചേര്‍ന്നു നിലക്കുന്ന ഈ ട്രീ ഹട്ടിലെ താമസം, ഒരിക്കലും മറക്കാനാകാത്ത അനുഭവമായിരിക്കും, തീര്ച്ച.
IMG_3485IMG_3483
പിന്നെ അവിടെ അടുത്തുള്ള കണ്ണിമാറ തേക്ക്, അതായത് ലോകത്തിലെ ഏറ്റവും വലിയ തേക്ക് മരം കാണാനാണ് പോയത്. തേക്ക് മരത്തിനു ചുറ്റും കരിങ്കല്‍ത്തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്. കാപ്പി ചെടികള്‍ക്കിടയിലായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്.
IMG_3503IMG_3527IMG_3533
പിന്നെ നേരെ പോയത് പറമ്പിക്കുളം ഡാം സൈറ്റിലേക്കു, പോകുന്ന വഴിയില്‍ മാനിനേയും, കേഴയേയുമൊക്കെ കണ്ടു. മടക്കയാത്രയില്‍ മേഞ്ഞുനടക്കുന്ന നടക്കുന്ന കാട്ടിയെ (കാട്ടുപോത്തിനെ കണ്ടു), കൂട്ടത്തില്‍ ചിലരൊക്കെ റോഡരുകില്‍ പാറപ്പുറത്ത് കിടന്നിരുന്ന പുള്ളിപ്പുലിയെ കണ്ടു, ഞങ്ങള്‍ മറ്റുള്ളവര്‍ വിവരം അറിഞ്ഞു വാനില്‍ നിന്നും തല പുറത്തേക്കിട്ടപ്പോഴേക്കും പുലി പാറയുടെ അടിയില്‍ ഒളിച്ചു കഴിഞ്ഞിരുന്നു. ഗാര്‍ഡിന്റെ അടുത്തിരുന്ന പഹയന്‍മാരാണ് പുലിയെ കണ്ടത്, ഗാര്‍ഡ് കാണിച്ചു കൊടുത്തതായിരുന്നു. ഒരഞ്ചു മിനുട്ടെ മുമ്പ് വരെ ഞാനും അടുത്തായിരുന്നു ഇരുന്നത്, വണ്ടിയുടെ മുന്ഭാഗത്ത് ഒരു സീറ്റ് കാലി വന്നപ്പോള്‍ ഞാന് അങ്ങോട്ട് മാറി, നിര്‍ഭാഗ്യം അതിനാല്‍ പുലി ദര്‍ശനം മിസ്സായി. വണ്ടിയൊക്കെ നിറുത്തി, പുലി പുറത്തേക്കു വരുന്നതും നോക്കി എല്ലാവരും കാത്തിരുന്നു, ചിലരൊക്കെ ക്യാമറ ഒക്കെ എടുത്തു പുറത്തിറങ്ങി, പാറയുടെ അടിയിലേക്കു പോസ് ചെയ്തിരുന്നു. കാത്തിരുന്നത് മാത്രം മിച്ചം, പുലി പോയിട്ട് ഒരു എലി പോലും പുറത്തേക്കു വന്നില്ല. അങ്ങിനെ ഞങ്ങളടെ വൈല്ഡ് ലൈഫ് സവാരി അവസാനിച്ചു.
IMG_3570
രാത്രി, DFO യുമായിട്ട് ഒരു സംവാദം ഒക്കെ ഉണ്ടായിരുന്നു, ഞങ്ങളടെ ഫീഡ് ബാക്ക് ഒക്കെ അദ്ദേഹം ചോദിച്ചു.
IMG_3291
അടുത്ത ദിവസം രാവിലെ ക്യാമ്പ് അവസാനിച്ചു. ഞങ്ങളെല്ലാം 7:45 ന്റെ TNSTC ബസില് കയറി, ബസ് പറമ്പിക്കുളം ഡാമിന്റെ അവിടെപ്പോയിട്ടേ തിരിച്ചു വരൂ, കാഴ്ചകളൊക്കെ കാണാം, കൂടാതെ ബസ് ഡാമില്‍ പോയി തിരിച്ചു വരുമ്പോള്‍ ആനപ്പടിയില്‍ നിന്ന് കേറുകയായിരുന്നെങ്കില്‍ സീറ്റ് ഒന്നും കിട്ടുമായിരുന്നില്ല, പൊള്ളാച്ചി എത്തിയതിനു ശേഷം, പാലക്കാട്ടേക്കുള്ള KSRTC യില്‍ കേറി, ബസ് ചന്ദ്രനഗര്‍ എത്തിയപ്പോള്‍ ഞാന് എല്ലാവരോടും യാത്ര പറഞ്ഞിരിറങ്ങി. വീണ്ടും ആണ്ടിമഠത്തിലെ കസിന്റെ വീട്ടിലേക്കു, അവിടെ നിന്ന് വീണ്ടും രാത്രി വണ്ടിക്കു ചെന്നയിലേക്ക്.

ഇന്‍ഫോര്‍മേഷന്‍ സെന്റര്‍ , പറമ്പിക്കുളം : 09442201690

1 comment:

  1. ഫോട്ടോസെല്ലാം നന്നായിട്ടുണ്ട്.

    വെറുതെയല്ലാ ഒരു കമന്‍റും ഇല്ലാത്തത്. ഈ വേര്‍ഡ് വേരിഫിക്കേഷന്‍ കണ്ടാല്‍ തന്നെ ആരും കമന്‍റ് എഴുതില്ല

    ReplyDelete